പൊന്നാനിയില്‍ തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും- പി.വി അന്‍വര്‍
പൊന്നാനി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തെ പിന്തുണക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പി.വി അന്‍വറിന്റെ പ്രഖ്യാപനം. പിന്തുണ നല്‍കിക്കൊണ്ട് വലതു പക്ഷത്തു നിന്ന് ദിവസം ആയരക്കണക്കിനു സന്ദേശങ്ങള്‍ തന്റെ വാട്സ് ആപ്പില്‍ വരുന്നുണ്ടെന്നും അന്‍വര്‍ അവകാശപ്പെടുന്നു.
'ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്ടസ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടത്പക്ഷത്തിനെതിരെ മാത്രമല്ല. വലത് പക്ഷത്ത് നിന്നും നമ്മളെ പിന്തുണക്കുന്ന ആയിരകണക്കിന് വാട്സ്ആപ്പ് മെസ്സേജുകള്‍ ഓരോ ദിവസവും എന്റെ പേഴ്സണല്‍ അക്കൌണ്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. നിങ്ങളാരും ഒന്നും ഭയക്കേണ്ടതില്ല. ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്'- പി.വി അന്‍വര്‍ പറഞ്ഞു.
ലീഗിന്റെ ഉരുക്ക് കോട്ടയെന്ന് എന്നറിയപ്പെടുന്ന മണ്ഡലമാണ് പൊന്നാനി. 1952ല്‍ കെ കേളപ്പന് വിജയിച്ച പൊന്നാനി മൂന്ന് തവണയാണ് ഇടതുപക്ഷം വിജയിച്ചത്. 1962ല്‍ ഇ കെ ഇമ്പിച്ചിബാവ, 67ല്‍ സി കെ ചക്രപാണി, 71ല്‍ എം.കെ കൃഷ്ണന് എന്നിവരാണ് വിജയിച്ച ഇടതു നേതാക്കള്‍.
1977ല്‍ ജി.എം ബനാത്വാലയിലുടെ മുസ്ലിം ലീഗ് പൊന്നാനി പിടിച്ചെടുക്കുകയായിരുന്നു. പിന്നീടൊരിക്കലും ലീഗ് പൊന്നാനിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷമായി ഇ.ടി മുഹമ്മദ് ബഷീറാണ് ലീഗിന്റെ പ്രതിനിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."