കോടതിയലക്ഷ്യ കേസുകള്‍ കോടതിയുടെ അന്തസ് കെടുത്തുമോ?
സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിനെതിരേ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരിക്കുന്നു. പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ കോടതിയുടെ അന്തസ് ഇടിച്ചു കാട്ടുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് നോട്ടിസില്‍ പറയുന്നത്. അത് കോടതിയലക്ഷ്യമാണ്. എന്നാല്‍, ഈ നിലപാടിനോട് കോടതിയില്‍ത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍. തനിക്കെതിരായ കേസിന്റെ ഭരണഘടനാപരമായ സാധുതയെ അദ്ദേഹം നിരാകരിക്കുന്നു. മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി അരുണ്‍ ഷൂറിയും ഭൂഷണിനെതിരായുള്ള നിയമ നടപടികളെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
എന്താണ് പ്രശാന്ത് ഭൂഷണ്‍ ചെയ്ത മഹാപരാധം? മൂന്ന് പരാമര്‍ശങ്ങളാണ് സുപ്രിം കോടതിയുടെ നടപടിക്ക് പ്രേരകമായിട്ടുള്ളത്. അവയിലൊന്ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ വിലകൂടിയ ഒരു മോട്ടോര്‍ സൈക്കിളില്‍ കയറിയിരുന്നു ഫോട്ടോക്ക് പോസ് ചെയ്തതിനെ കളിയാക്കിയതാണ്. വീട്ടിലിരിക്കുമ്പോള്‍ അണിയുന്ന വേഷത്തില്‍, ഹെല്‍മറ്റൊന്നും വയ്ക്കാതെ അദ്ദേഹം വണ്ടിയില്‍ കയറിയിരുന്നു. അതും ഒരു ബി.ജെ.പി നേതാവിന്റെ മകന്റെ വണ്ടിയില്‍. അത് സുപ്രിം കോടതി ജഡ്ജിയുടെ അന്തസിനു ചേര്‍ന്നതല്ല എന്നാണ് പ്രശാന്ത് ഭൂഷണിന്റെ ഭാഷ്യം. അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ് ഇന്ത്യയില്‍ കഴിഞ്ഞ ആറു കൊല്ലമായി ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു. വിശേഷിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്. ഇതും സുപ്രിം കോടതിക്കു രസിച്ചില്ല. ഒടുവില്‍ മറ്റൊരു പരാമര്‍ശം കൂടി കോടതി പൊടി തട്ടി തപ്പിയെടുത്തു. അത് പ്രശാന്ത് ഭൂഷണ്‍ പതിനൊന്നു കൊല്ലങ്ങള്‍ക്കു മുമ്പു നടത്തിയ ഒന്നായിരുന്നു. ഇന്ത്യയിലെ കഴിഞ്ഞ 16 സുപ്രിം കോടതി ജഡ്ജിമാര്‍ പകുതി പേരും അഴിമതിക്കാരായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പറച്ചില്‍.
ഈ മൂന്നു പരാമര്‍ശങ്ങളും നമുക്കൊന്ന് പരിശോധിക്കാം. ഇവയില്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചു കാട്ടുന്നതായി എന്താണുള്ളത് എന്നു മാത്രമല്ല ജുഡിഷ്യറി സാമാന്യ ജീവിതത്തിന്റെ സാധാരണത്വത്തില്‍നിന്ന് ഏറെ ഉയര്‍ന്നുനില്‍ക്കുന്നു എന്ന് തന്നെയാണ് പ്രശാന്ത് ഭൂഷണ്‍ സൂചിപ്പിച്ചിട്ടുള്ളത്. മോട്ടോര്‍ സൈക്കിള്‍ കമ്പക്കാരനാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. അദ്ദേഹം കയറിയിരുന്നത് നിര്‍ത്തിയിട്ട ഒരു മോട്ടോര്‍ സൈക്കിളിലാണ്. അതൊരു കൗതുകമെന്നോ കുസൃതിയെന്നോ കരുതി വിട്ടുകളയാമായിരുന്നു ഭൂഷണിന്. പക്ഷേ അദ്ദേഹം അത്തരമൊരു പിള്ളേരുകളി ചീഫ് ജസ്റ്റിസിനു ഭൂഷണമല്ല എന്നാണ് നിരൂപിച്ചത്. നേരു പറഞ്ഞാല്‍ കോടതിയുടെ അന്തസിനെക്കുറിച്ചുള്ള പ്രശാന്ത് ഭൂഷണിന്റെ സങ്കല്‍പ്പങ്ങള്‍ എത്രയോ ഉയര്‍ന്നതാണെന്നാണ് കരുതേണ്ടത്. അന്തസ് ഹനിക്കുകയല്ല, ഉയര്‍ത്തിപ്പിടിക്കുകയാണദ്ദേഹം ചെയ്തത്. ഇനി ഈ ട്വീറ്റ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെപ്പറ്റി അവമതിപ്പുണ്ടാക്കി എന്നു തന്നെ വയ്ക്കുക. വിട്ടുകളയാവുന്നതേയള്ളൂ എന്നാണ് സാമാന്യമായി ആരും കരുതുക. പ്രശാന്ത് ഭൂഷണിന്റെ മറ്റു രണ്ടു പരാമര്‍ശങ്ങളും ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടവയാണ്. വിശേഷിച്ചും ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ചും അവരുടെ നിയമനങ്ങളിലെയും പ്രൊമോഷനുകളിലെയും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള സാഹചര്യത്തില്‍. ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ചും അധികാരസ്ഥാനങ്ങളോടുള്ള വിധേയത്വത്തെ കുറിച്ചും പക്ഷപാതങ്ങളെക്കുറിച്ചും രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും പ്രശാന്ത് ഭൂഷണ്‍ മാത്രമല്ല വിമര്‍ശനമുയര്‍ത്തിയിട്ടുള്ളത്. അത് രാജ്യത്തിന്റെ പൊതുമണ്ഡലത്തില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. ഈ ചര്‍ച്ചാ വിഷയം തലമുതിര്‍ന്ന ഒരു അഭിഭാഷകന്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായി എണ്ണി അദ്ദേഹത്തിനെതിരില്‍ കേസെടുക്കുന്നതാണ് യഥാര്‍ഥത്തില്‍ ജുഡിഷ്യറിയുടെ അന്തസ് ഹനിക്കുന്ന നടപടി. നിര്‍ഭാഗ്യവശാല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഈ വശം കാണാതെ പോയി.
തികച്ചും വ്യക്തിപരം
ഇതു സംബന്ധിച്ചു ഉയര്‍ന്നുവന്നിട്ടുള്ള ഒരു ആരോപണം ജസ്റ്റിസ് അരുണ്‍ മിശ്രയും പ്രശാന്ത് ഭൂഷണും തമ്മിലുള്ള മാനസികമായ അകല്‍ച്ചയാണ് ഇപ്പോഴത്തെ നടപടിക്ക് പ്രേരകമായത് എന്നുള്ളതാണ്. ജസ്റ്റിസ് മിശ്രയും പ്രശാന്ത് ഭൂഷണും ഇടയ്ക്കിടെ ഏറ്റുമുട്ടാറുണ്ട്. സി.ബി.ഐ ഡയരക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2019 ലെ ഒരു കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് മിശ്ര പ്രസ്തുത കേസ് കേള്‍ക്കരുത് എന്നു പോലും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുകയുണ്ടായി. അല്ലെങ്കില്‍ തന്നെയും ജസ്റ്റിസ് മിശ്ര ഒരു വിവാദ പുരുഷനാണ്. 2018ല്‍ സുപ്രിം കോടതിയിലെ നാലു സീനിയര്‍ ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി ആവശ്യപ്പെട്ടത് ചില പ്രത്യേക തരം കേസുകള്‍ മിശ്രയുടെ ബെഞ്ചിലേക്കു വിടരുത് എന്നായിരുന്നു. ഇത് വെച്ചു നോക്കുമ്പോള്‍ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകളെ കോടതിയലക്ഷ്യമായി കണക്കാക്കി കേസെടുത്ത ജസ്റ്റിസ് മിശ്രയുടെ നടപടിയെ വിവേകപൂര്‍ണമെന്ന് പറഞ്ഞു കൂടാ. കുറേക്കൂടി വിശാലമായ ഒരു ബെഞ്ചായിരുന്നു ഈ ട്വീറ്റുകളെ നിയമത്തിന്റെ തുലാസിലിട്ട് തൂക്കി നോക്കേണ്ടിയിരുന്നത്.
മറ്റൊരു വിഷയം സുപ്രിം കോടതി അടിയന്തരമായി പരിഗണിക്കേണ്ട ഒരു സുപ്രധാന വിഷയമാണോ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകള്‍ എന്നുള്ളതാണ്. കൊവിഡ് കാലത്ത് കോടതികള്‍ അകപ്പെട്ടിട്ടുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഈ വിഷയം ഏറെ പ്രധാനമാണ്. രാജ്യത്തെ മിക്ക കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രയാസകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വളരെ ചുരുങ്ങിയ തോതില്‍ മാത്രമേ കേസുകള്‍ പരിഗണനക്ക് എടുക്കുന്നുള്ളൂ, സുപ്രിം കോടതിയുടെ മുമ്പാകെയാണെങ്കില്‍ പല സുപ്രധാന വിഷയങ്ങള്‍ പരിഗണനക്കായി കെട്ടിക്കിടക്കുന്നു. ഉദാഹരണത്തിന്ന് പൗരത്വ നിയമ ഭേദഗതിയിലെ ഭരണഘടനാപരമായ സാധുത, ജമ്മു കശ്മിരുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍, എലക്ടറല്‍ ബോണ്ടുകള്‍, മുന്നാക്ക സംവരണത്തിന്റെ നിയമ സാധുത തുടങ്ങിയവ. അടിയന്തരമായ പരിഗണന ആവശ്യമായ ഇത്തരം നിയമപ്രശ്‌നങ്ങള്‍ മാറ്റിവച്ച് സുപ്രിം കോടതി പ്രാധാന്യം നല്‍കിയിട്ടുള്ളത് ഈ ക്രിമിനല്‍ നടപടിക്കാണ്. ഇങ്ങനെയൊരു നടപടിക്ക് രാജ്യത്തെ പരമോന്നത നീതിപീഠം മുന്നിട്ടിറങ്ങുമ്പോള്‍ അതിനു പിന്നിലുള്ള പ്രചോദനം 'കോടതിയുടെ ആധികാരികതയും അന്തസും സംരക്ഷിക്കുകയാണോ', അതല്ല മറ്റു വല്ലതുമാണോ എന്ന് ഏതൊരാളും സ്വാഭാവികമായും സംശയിക്കും.
എന്താണ് കോടതിയുടെ അന്തസ്?
ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകളിലൊന്നാണ് ലെജിസ്ലേച്ചര്‍, എക്‌സിക്യുട്ടീവ് എന്നിവയോടൊപ്പം ജുഡിഷ്യറിയും. അതുകൊണ്ട് തന്നെ ജുഡിഷ്യറിയുടെ തീരുമാനങ്ങള്‍ പൊതുസമൂഹത്തില്‍ അവ അര്‍ഹിക്കുന്ന അന്തസോടെ ഉയര്‍ന്നു നില്‍ക്കേണ്ടതുണ്ട്. അവ അവമതിക്കപ്പെട്ടരുത്. കോടതിയലക്ഷ്യമെന്ന സങ്കല്‍പ്പം ഈ ആശയത്തില്‍ നിന്നാണ് ഉല്‍ഫുല്ലമായിട്ടുള്ളത്. പൊതുജനങ്ങളുടെ താല്‍പ്പര്യവും അവര്‍ക്ക് നീതിനിര്‍വഹണത്തിലുള്ള വിശ്വാസവുമാണ് കോടതിയലക്ഷ്യ നടപടികളിലൂടെ സംരക്ഷിക്കപ്പെടുന്നത്. കോടതിയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയോ കോടതി വിധികള്‍ അപഹസിക്കപ്പെടുകയോ ചെയ്തു എന്നിരിക്കട്ടെ, പൊതുജനങ്ങള്‍ക്ക് മുമ്പാകെ നിയമവ്യവസ്ഥ അവമതിക്കപ്പെടുകയാവും അതിന്റെ ഫലം. ഒരിക്കല്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കൊഞ്ഞാണന്‍ മജിസ്‌ട്രേറ്റ് എന്ന് കളിയാക്കുകയുണ്ടായി. ഇത് നീതിന്യായ വ്യവസ്ഥയെ അവമതിക്കലായി കണക്കാക്കിയാല്‍ തെറ്റില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ഈ വ്യവസ്ഥയോടുള്ള മതിപ്പും ബഹുമാനവും കുറയാന്‍ മാത്രമേ ഇത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കുകയുള്ളൂ. എന്നാല്‍, ഒരു ജഡ്ജിയുടെ ചെയ്തികളെ വിമര്‍ശിക്കുകയോ കോടതിയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്യുകയോ ജുഡിഷ്യറിയുടെ അപചയങ്ങളെ വിമര്‍ശിക്കുകയോ ചെയ്യുന്നത് അന്തസിടിച്ചു കാട്ടലായി മാറുകയില്ല. ഇത്തരം തുറന്നുകാട്ടലുകള്‍ക്കെതിരായി സ്വമേധയാ കേസെടുക്കാന്‍ പാകത്തില്‍ കോടതിയലക്ഷ്യ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അതിനാല്‍ ഉത്തമ വിശ്വാസത്തോടെ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പോലും കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടുന്നു.
കോടതിയലക്ഷ്യമെന്ന ആശയം ജുഡിഷ്യറിയുടെ അപ്രമാദിത്വത്തെക്കുറിച്ചുള്ള പൊതുജനവിശ്വാസം ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് പറഞ്ഞുവല്ലോ. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ നീതിന്യായ സങ്കല്‍പങ്ങളുമെന്നപോലെ ബ്രിട്ടിഷ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഇംഗ്ലണ്ടിലെ രാജാവ് സ്വയം പരാതികള്‍ കേട്ട് നീതിപൂര്‍വമായ പരിഹാരമുണ്ടാക്കുന്ന സമ്പ്രദായത്തില്‍ നിന്നാണ് ബ്രിട്ടിഷ് നീതിനിര്‍വഹണ പാരമ്പര്യം വളര്‍ന്നു വന്നത്. ഈ നീതിനിര്‍വഹണ വ്യവസ്ഥയില്‍ രാജാവിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് നീതിന്യായത്തെത്തന്നെ ചോദ്യം ചെയ്യലായി കണക്കാക്കപ്പെട്ടു. പില്‍ക്കാലത്ത് ന്യായാധിപന്മാരിലേക്ക് രാജാവിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്കും കിട്ടി ഈ അപ്രമാദിത്വം. ഇത് ജനാഭിപ്രായത്തെ അടിച്ചമര്‍ത്തുന്ന തരത്തില്‍ നീതിന്യായ വ്യവസ്ഥക്ക് നല്‍കുന്ന അമിതാധികാരമായി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അതേക്കുറിച്ചുള്ള പുനരാലോചനകള്‍ ഉണ്ടായത്. കോടതികള്‍ ജനവിരുദ്ധമായ തീരുമാനങ്ങളില്‍ എത്തിച്ചേരുമ്പോള്‍ പോലും അവയെ വിമര്‍ശിക്കുക അസാധ്യമായി. ഈ പശ്ചാത്തലത്തിലാണ് കോടതിയലക്ഷ്യമെന്നത് പഴഞ്ചന്‍ നിയമമായി വ്യാഖ്യാനിക്കപ്പെട്ടതും ബ്രിട്ടനിലടക്കം അത് പുനര്‍ നിര്‍വചിക്കപ്പെട്ടതും. കോടതിയലക്ഷ്യ നിയമം വളരെ അവ്യക്തവും അനിശ്ചിതവും പൗരാവകാശങ്ങളെ ചവിട്ടിമെതിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടത് ഓര്‍ക്കുക.
അഭിപ്രായസ്വാതന്ത്ര്യവും
കോടതിയലക്ഷ്യവും
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ തടയുന്നു എന്നതാണ് കോടതിയലക്ഷ്യ നിയമത്തിനെതിരായി മുന്നോട്ടുവയ്ക്കപ്പെടുന്ന പ്രധാന ന്യായം. അതില്‍ ഒരുപാട് ശരികളുണ്ട്. പ്രശാന്ത് ഭൂഷണ്‍ നടത്തിയ അഭിപ്രായപ്രകടനം തന്നെ എടുക്കുക. സുപ്രിം കോടതി ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം. ശരിയല്ലേ? അഴിമതിക്കാരായ ന്യായാധിപന്മാരല്ലേ പലപ്പോഴും കേസുകള്‍ അട്ടിമറിക്കുന്നത്? അവരല്ലേ അധികാരസ്ഥാനങ്ങള്‍ക്ക് വിടുപണിയെടുക്കുന്നതും വിരമിച്ച ശേഷം പുതിയ പദവികള്‍ കൈവശപ്പെടുത്തുന്നതും? ഈ സാഹചര്യത്തിലാണ് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ കോടതിയെ അവമതിക്കലായി കണക്കാക്കാനാവുകയില്ല എന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. അപ്പോള്‍ കോടതിയലക്ഷ്യത്തിന്റെ വിവക്ഷകളില്‍ ഏതു തരം പരാമര്‍ശങ്ങളാണ് വരിക എന്ന ചോദ്യമുയരുന്നു. കോടതിയലക്ഷ്യമെന്ന് ആരോപിക്കപ്പെടുന്ന പരാമര്‍ശങ്ങളും പ്രവര്‍ത്തികളും കോടതിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമോ എന്നാണ് ആലോചിക്കേണ്ടത്. അതില്ലെങ്കില്‍ വിമര്‍ശനത്തിനെതിരായി നടപടിയെടുക്കുന്നത് കോടതിയുടെ അമിതാധികാര പ്രയോഗമായിത്തീരും.
പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശങ്ങള്‍ക്കെതിരായി സുപ്രിം കോടതി കൈക്കൊണ്ട നടപടികള്‍ വിമര്‍ശിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. അതേസമയം ഇത്തരം അഭിപ്രായപ്രകടനങ്ങളെ ചിരിച്ചു തള്ളിയ അനുഭവവും ഇന്ത്യന്‍ ജുഡിഷ്യറിയുടെ ചരിത്രത്തിലുണ്ട്. ഒരു അണക്കെട്ട് നിര്‍മിക്കുന്നതിനുമേല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രിം കോടതി നീക്കിയപ്പോള്‍ അരുന്ധതി റോയ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. അത് കോടതിയലക്ഷ്യക്കേസായി വന്നപ്പോള്‍ സുപ്രിം കോടതി ജഡ്ജി എസ്.പി. ബറൂച്ച പറഞ്ഞത് 'ഇത്തരം അഭിപ്രായങ്ങള്‍ കുടഞ്ഞെറിഞ്ഞു കളയാന്‍ മാത്രം വിശാലമാണ് കോടതിയുടെ ചുമലുകള്‍ ' എന്നാണ്. പ്രശാന്ത് ഭൂഷണിന്റെ കാര്യത്തിലും ഇങ്ങനെയൊരു സമീപനമായേനെ കൂടുതല്‍ ഉചിതം.
വാല്‍ക്കഷണം: കോടതികളെയും ജഡ്ജിമാരെയും നാട്ടുകാര്‍ ബഹുമാനിക്കുന്നതിന്റെ വിവക്ഷകളെപ്പറ്റിയുള്ള ഒരു കഥ. ഒരു അടിപിടിക്കേസില്‍ പോക്കിരി രാമന്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടു. മജിസ്‌ട്രേറ്റ് ചോദിച്ചു. നീ വലിയ അടിപിടിക്കാരനും പോക്കിരിയും ഗുണ്ടയുമൊക്കെയാണ് അല്ലേ?
അല്ല ഏമാനേ ഞാനൊരു പാവമാ! രാമന്റെ മറുപടി. പിന്നെ നാട്ടുകാര്‍ നിന്നെ പോക്കിരി രാമനെന്ന് വിളിക്കുന്നതോ? അതവര്‍ വെറുതെ കളിയാക്കാന്‍ വിളിക്കുന്നതാ ഏമാനേ. വെറുതെ ആളുകള്‍ അങ്ങനെ വിളിക്കുമോ? മജിസ്‌ട്രേറ്റ് ചോദിച്ചു.
മൈ ലോര്‍ഡ് എന്നൊക്കെ വിളിക്കാറില്ലേ, അതുപോലെ വിളിക്കുന്നതാ ...രാമന്റെ മറുപടി. അപ്പോള്‍ കണ്‍മിഴിച്ചു പോയി മജിസ്‌ട്രേറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."