കശ്മിരില്‍ നിന്ന് കേരളത്തിലേക്കൊരു ആത്മീയപാത
കശ്മിരും ബാബരിയും ഇന്ത്യന്‍ മുസ്‌ലിമും സൂഫി സന്യാസവും ചര്‍ച്ചകളില്‍ ചൂടുപിടിക്കുന്ന അവസരത്തില്‍ ഏറെ പ്രസക്തമാണ് കശ്മിരിന്റെ ശില്‍പിയായി മീര്‍ സയ്യിദ് അലി ഹമദാനി എന്ന സൂഫിയുടെ ചരിത്രം. 1500കളില്‍ മലബാറിന്റെ ആത്മീയതയില്‍ വല്ലാതെ സ്വാധീനം ചെലുത്തിയ സുഹ്‌റവര്‍ദി പണ്ഡിതരുടെ ആത്മീയ സരണി അലി ഹമദാനിയിലേക്ക് ചെന്നെത്തുന്നതായിട്ടും അവരെ കുറിച്ചു കാര്യമായ പഠനങ്ങള്‍ മലയാളത്തില്‍ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. എ.ഡി പത്താം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മംഗോളിയന്‍ ആക്രമണത്തിന് ശേഷം കശ്മിര്‍ താഴ്‌വരയിലെ സാമൂഹ്യ-രാഷ്ട്രീയ സന്തുലിതാവസ്ഥ വളരെയധികം അസ്വസ്ഥമായിരുന്നു. തുടര്‍ന്നുള്ള ശാഹ്മീര്‍ രാജവംശം എല്ലാ മേഖലയിലും പരിതാപകരമായിരുന്നു. പരാജയപ്പെട്ട രാഷ്ട്രീയ നയങ്ങള്‍ കാരണം സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരുന്നു. തെറ്റായ നികുതി നയങ്ങള്‍, ഫ്യൂഡല്‍സിസ്റ്റം, കാര്‍ഷിക തകര്‍ച്ച, ഭരണാധികാരികള്‍ക്കും പ്രജകള്‍ക്കുമിടയിലെ വിഘടനം, വൈദേശിക കടന്നുകയറ്റം, സദാചാര അപചയം എല്ലാം തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി.
ഇതിലേക്കാണ് എ.ഡി 1372ല്‍ ഇറാനിലെ ഹമദാനിലെ അമീര്‍ കുടുംബത്തില്‍നിന്ന് നബി പരമ്പരയില്‍പ്പെട്ട സയ്യിദ് അലി ഹമദാനി 700 സയ്യിദുമാരും അനുയായികളുമായി വരുന്നത്. അതും ചിന്തകര്‍, മതപണ്ഡിതര്‍, ചിത്രകാരന്മാര്‍, കാലിഗ്രാഫി കലാകാരന്മാര്‍, കരകൗശല വിദഗ്ധര്‍, തൊഴിലാളികള്‍, ഷാള്‍ നിര്‍മാതാക്കള്‍, സാങ്കേതികര്‍ തുടങ്ങിയ വലിയൊരു സംഘവുമായി. കശ്മിര്‍ ഭരിച്ചിരുന്ന ശിഹാബുദ്ദീന്‍ രാജാവും (എ.ഡി 1354- 1373) കിരീടാവകാശിയായ ഖുഥുബുദ്ദീനും (എ.ഡി. 1373-1389) അവരെ ഊഷ്മളമായി സ്വീകരിച്ചു.
വ്യവസായം, കരകൗശലം, കാര്‍ഷികം
അലി ഹമദാനി അന്ന് മധ്യേഷ്യയില്‍ നിലവിലുണ്ടായിരുന്ന കലയും കരകൗശലവും ധാതുസമ്പത്തിന്റെയും ജലസേചനത്തിന്റെയും നവീന സംവിധാനങ്ങളും സുല്‍ത്താന്റെ സഹായത്താല്‍ അവതരിപ്പിച്ചതോടെ താഴ്‌വരയിലെ സമ്പദ്‌വ്യവസ്ഥ മാറിമറിഞ്ഞു. മധ്യേഷ്യയിലെ കാര്‍ഖാനകളുടെ (ഫാക്ടറികള്‍) മാതൃകയില്‍ കശ്മിരില്‍ ഷാള്‍ വ്യവസായം, കാര്‍ഖാനകളില്‍ അവശ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിവിധ സാങ്കേതിക വിദ്യകളില്‍ കശ്മിരികള്‍ക്ക് പരിശീലനം, തൊഴില്‍ വിഭജനം എന്ന സങ്കല്‍പ്പത്തില്‍ വിദഗ്ധ തൊഴിലാളി നിയമനം, കമ്പോളങ്ങള്‍ സ്ഥാപിക്കുക വഴി നഗരവല്‍ക്കരണം എന്നിവയിലൂടെ പുതിയൊരു വ്യവസായ വ്യവസ്ഥയെ അലി ഹമദാനി രൂപപ്പെടുത്തി. കൂടെയെത്തിയ നൂറുകണക്കിന് ചിത്രകാരന്മാര്‍, കാലിഗ്രാഫര്‍മാര്‍, കരകൗശല വിദഗ്ധര്‍, തൊഴിലാളികള്‍ എന്നിവരെ കൊണ്ട് കശ്മിരിലെ കലയും കരകൗശലവും അലി ഹമദാനി വര്‍ണാഭമാക്കി. ഇത് ജനങ്ങളുടെ ബൗദ്ധിക അഭിവൃദ്ധിക്ക് പുറമെ കലാപരമായ മാറ്റങ്ങള്‍ക്കും വിദേശ കയറ്റുമതിക്കും കാരണമായി. മുസ്‌ലിം വാസ്തുവിദ്യ എന്ന ആശയത്തില്‍ ഖാന്‍ഖാഹുകളും പള്ളികളും മഖ്ബറകളും നിര്‍മിച്ചത് കശ്മിരികളുടെ തൊഴിലവസരങ്ങളും ഉപജീവനമാര്‍ഗങ്ങളും വര്‍ധിപ്പിച്ചു. കൂടാതെ, കനാലുകള്‍ കുഴിച്ച് ജലസേചനം ഒരുക്കി കാര്‍ഷിക, ജലസേചന സംവിധാനവും പുനരുജ്ജീവിപ്പിച്ചു നികുതി കുറക്കുന്നതിലൂടെ ഭൂപരിഷ്‌കരണങ്ങളും നടപ്പാക്കി.
സാമൂഹിക, രാഷ്ട്രീയ പരിഷ്‌കരണം
ജാതികളുടെയും ഉപജാതികളുടെയും വ്യാപനം, പരമ്പരാഗത ബ്രാഹ്മണരുടെ ചൂഷണം, വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍, വികലമായ വിശ്വാസങ്ങള്‍ തുടങ്ങിയ അധാര്‍മിക അഴിമതികള്‍ വ്യാപകമായ സമൂഹത്തില്‍ ആരോഗ്യകരമായൊരു മാറ്റത്തിനായി സാധാരണക്കാര്‍ ഉത്സുകരായിരുന്നു. അതിനാല്‍ അലി ഹമദാനിയുടെ സമാധാന മതത്തിലേക്ക് ആളുകള്‍ ഒഴുകി. ഒറ്റ ദിവസം തന്നെ 37,000 ത്തിലധികം പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജനിച്ച പ്രസിദ്ധയായ കശ്മിരി കവയിത്രിയും മിസ്റ്റിക്കുമായ ലാല്‍ ദേദ് രേഖപ്പെടുത്തുന്നു -'ഹമദാനിയുടെ സ്വാധീനം കാരണം അവര്‍ ജാതിവ്യവസ്ഥയെ നിരസിക്കുകയും വിഗ്രഹാരാധനയെ വിമര്‍ശിക്കുകയും ചെയ്തു'. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പുറമെ സുല്‍ത്താന്‍മാര്‍, പ്രഭുക്കള്‍, ബ്രാഹ്മണര്‍ എന്നിവരെയും, അദ്ദേഹം ആകര്‍ഷിച്ചു. ഹിന്ദു ഭൂരിപക്ഷ പ്രദേങ്ങളായ പമ്പൂര്‍, അവന്തിപോറ, ബിജ്ബിഹാര, ഡോറൂ ഷഹാബാദ്, ട്രാല്‍ തുടങ്ങി പലയിടങ്ങളിലായി ഇന്നുമുള്ള ഖാന്‍ഖാഹുകള്‍ അതിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ഇവിടങ്ങളില്‍ നടന്നിരുന്ന ഹമദാനിയുടെ ദിക്ര്‍ വേദികള്‍ ഹല്‍ക്കക്കപ്പുറം ധനികനെയും ദരിദ്രനെയും ഒന്നിച്ചിരുത്തുന്ന വേദി കൂടിയായിരുന്നു.
അലി ഹമദാനി ഭരണത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ലെങ്കിലും ഭരണകര്‍ത്താക്കള്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. അതിനായി ഇസ്‌ലാമിക രാഷ്ട്രീയത്തെ കുറിച്ചുള്ള 'ദഖീറത്തുല്‍ മുലൂക്ക് ' എന്ന വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥം രചിച്ചു. സമൂഹത്തിന് അനുയോജ്യമായ ജീവിത രീതികള്‍ അവതരിപ്പിക്കാനുള്ള അലി ഹമദാനിയുടെ താല്‍പ്പര്യമാണ് സുല്‍ത്താന്‍ ഖുഥ്ബുദ്ദീന് മുസ്‌ലിം കോടതി സ്ഥാപിക്കാന്‍ പ്രചോദനമായത്. പിന്‍ഗാമിയായ സുല്‍ത്താന്‍ സിക്കന്ദര്‍ (എ.ഡി 1389 -1413) എല്ലാ ലഹരിവസ്തുക്കളും 'സതി' ആചാരവും മറ്റ് ദുഷിച്ച സാമൂഹിക നടപ്പുകളും കശ്മിരില്‍ നിരോധിച്ചതും അലി ഹമദാനിയുടെ സ്വാധീനം കൊണ്ടാണ്.
ആത്മീയ നവോത്ഥാനം
സുഹറവര്‍ദി-കുബ്‌റവി ആത്മീയ ഗുരുക്കന്‍മാരായ അമ്മാവന്‍ അലാഉദ്ദൗല സിംനാനിയുടെയും പിന്‍ഗാമി ശൈഖ് മുഹമ്മദ് മിസ്ദക്കാനിയുടെയും ഇരു മൂശകളിലും പാകപ്പെടുത്തപ്പെട്ട അലി ഹമദാനി എന്ന ആത്മജ്ഞാനിക്ക് ലക്ഷക്കണക്കിന് ശിഷ്യരുണ്ടായിരുന്നു. ആത്മീയ ഔന്നത്യത്താല്‍ രണ്ടാംഅലി, അമീറെ കബീര്‍, ഖുഥ്ബുല്‍ അഖ്ഥാബ് എന്നെല്ലാം അദ്ദേഹം വിളിക്കപ്പെട്ടു. പാകിസ്താന്‍, ബംഗ്ലാദേശ്, ചൈന, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, സിറിയ അടക്കം ലോകത്തിന്റെ കിഴക്ക് നിന്നും പടിഞ്ഞാറേക്ക് മൂന്ന് തവണ അലി ഹമദാനി സഞ്ചരിച്ചതായി ചരിത്രം പറയുന്നു.
സത്യസന്ധതയും വിനയവും നിറഞ്ഞ വ്യക്തിജീവിതത്തില്‍ മതനേതാക്കള്‍ക്ക് നല്‍കിയിരുന്ന ജീവനാംശം അദ്ദേഹം നിരസിച്ചിരുന്നു. മികച്ച കൈതുന്നുകാരനായ, തൊപ്പി തുന്നി ഉപജീവനമാര്‍ഗം തേടിയിരുന്ന അദ്ദേഹം സൃഷ്ടി നിരാശ്രയത്വം മുരീദുമാര്‍ക്ക് പ്രോത്സാഹിപ്പിച്ചിരുന്നു. ഖുഥുബുദ്ദീന്റെ കൊട്ടാര സൗകര്യം നിരസിച്ച് 'സുഫ്ഫ' പണിത് അതില്‍ കൂടുകയായിരുന്നു അദ്ദേഹം. ഖുഥുബുദ്ദീന്‍ തന്നെ ഹമദാനിയുടെ ശിക്ഷണത്തില്‍ ഒരു സൂഫി കവിയായി മാറി എന്നതാണ് ചരിത്രം. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി വഴിയുള്ള സൂഫി സരണിയിലെ ബഹാഉദ്ദീന്‍ സക്കറിയ (മുള്‍ത്താന്‍), ശറഫുദ്ദീന്‍ ബുല്‍ബുല്‍ ശാഹ്(ശ്രീനഗര്‍) തുടങ്ങിയ പലരും മധ്യേഷ്യയിലും ഇന്ത്യയിലെ ഗുജറാത്ത്, ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി പ്രവിശ്യകളില്‍ പ്രബോധകരായി വന്നിരുന്നുവെങ്കിലും നജ്മുദ്ദീന്‍ കുബ്‌റവി വഴിയുള്ള സുഹ്‌റവര്‍ദി സരണി ഇന്ത്യയിലും പരിസരപ്രദേശത്തും പ്രത്യേകിച്ച് കാശ്മിരില്‍ അലി ഹമദാനി വഴിയാണ് എത്തുന്നത്. ആ വഴി തന്നെയായിരുന്നു മലബാറിലെ സുഹ്‌റവര്‍ദി വെളിച്ചവും. കേരളീയ പള്ളികളില്‍ അഞ്ചുനേര നിസ്‌കാരാനന്തരം പതിവുള്ള വാരിദായ ദുആയുടെ പ്രചാരകരായിരുന്ന പുറത്തിയില്‍ അബ്ദുല്‍ ഖാദിര്‍ സാനിയും ചാലിയത്ത് നൂറുദ്ദീന്‍ ഹമദാനിയും ഈ പരമ്പരയിലെ കണ്ണികളായിരുന്നു. അത്തരത്തിലൊരു ശക്തമായ ബന്ധം മലബാറിന് സയ്യിദ് അലി ഹമദാനിയുമായിട്ടുണ്ട്. ധാര്‍മികത, ആത്മീയത, രാഷ്ട്രീയം, ശാസ്ത്രം, കര്‍മശാസ്ത്രം, ദൈവശാസ്ത്രം, തത്വചിന്ത, കവിത, ഗദ്യം തുടങ്ങിയ മേഖലകളിലായി അതുല്യമായ ആയിരത്തിലേറെ രചനകള്‍ അദ്ദേഹം നടത്തി. തഹാഇഫുല്‍ അബ്‌റാര്‍ എന്ന പുരാതന ഗ്രന്ഥത്തില്‍ 170 ഗ്രന്ഥങ്ങള്‍ അലി ഹമദാനിയുടേതായി എണ്ണിപ്പറയുന്നുണ്ടെങ്കിലും 70 എണ്ണം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.
കശ്മിരില്‍ നിന്നുള്ള മൂന്നാം മടക്കയാത്രയില്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ മാന്‍സഹറക്കടുത്ത് രോഗബാധിതനായി ഹി. 786ല്‍ (എ.ഡി 1384) ദുല്‍ഹിജ്ജ ആറിന് എഴുപതാം വയസില്‍ അദ്ദേഹം വഫാത്തായി. തുടര്‍ന്ന് ശിഷ്യര്‍ താജിക്കിസ്ഥാനിലെ (ഇന്നത്തെ കുലബ് എയര്‍പോര്‍ട്ടില്‍നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള) കത്‌ലോണിലേക്ക് കൊണ്ടുപോയി ഖബറടക്കി. ദിനേന ആയിരങ്ങളുടെ ആശ്രയമായി അദ്ദേഹത്തിന്റെ ദര്‍ഗ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."