ബാലഗോപാലിനായി വോട്ടഭ്യര്‍ഥിച്ച് ടീസ്റ്റ സെതല്‍വാദും
കൊല്ലം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പ്രശസ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദും. കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍.ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ചാണ് അവര്‍ വീഡിയോ സന്ദേശം പുറപ്പെടുവിച്ചത്. നാടിന്റെ നന്മയ്ക്കായി ബാലഗോപാലിനെ പോലുള്ളവരെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് ടീസ്ത അഭ്യര്‍ഥിച്ചു. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ നിലപാടിലൂടെയും മണ്‍റോതുരുത്തിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ജി.എസ്.ടിക്കെതിരേ പാര്‍ലമെന്റില്‍ രേഖപ്പെടുത്തിയ വിയോജനത്തിലൂടെയുമെല്ലാം വിവിധ തലങ്ങളില്‍ തനിക്കുള്ള പ്രതിബദ്ധത വ്യക്തമാക്കിയിട്ടുള്ളയാളാണ് അദ്ദേഹം.
ഫെഡറലിസം സംരക്ഷിക്കാനും സാമൂഹിക നീതിയും സാമ്പത്തികഭദ്രതയും ഉറപ്പുവരുത്താനും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ മാതൃകാപരമാണ്. ബാലഗോപാലിനെപ്പോലുള്ള ജനപ്രതിനിധികള്‍ക്ക് തന്റെ മണ്ഡലം നന്നായി നോക്കുന്നതിനും യുവാക്കളുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നതിനുമൊപ്പം രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശാല കാഴ്ചപ്പാടും വെച്ചുപുലര്‍ത്താനാവുമെന്ന് ടീസ്ത ചൂണ്ടിക്കാട്ടി.
നീതിയുടെ പക്ഷത്ത് ഉറച്ചു നിന്ന് നടത്തിയ തന്റെ ജീവിത പോരാട്ടങ്ങളടങ്ങിയ ഓര്‍മ്മകുറിപ്പിനു ടീസ്ത നല്‍കിയ പേര് ഭരണഘടനയുടെ കാലാള്‍ പടയാളി എന്നാണ്. രാജ്യവും അതിന്റെ ഭരണഘടനയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റേതായ ചുമതല വഹിക്കാനുണ്ടെന്ന് തീസ്ത വിശ്വസിക്കുന്നു. ടീസ്തയുടെ വീഡിയോ ബാലഗോപാലിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."