വിവാദമൊഴിയാതെ; ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ജഡ്ജിമാര്‍ക്ക് യാത്രാനിരോധനവുമായി ജസ്റ്റിസ് കര്‍ണന്‍
കൊല്‍ക്കത്ത: സുപ്രിം കോടതി ചീഫ് ജസ്റ്റിസടക്കം ഏഴ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്കാണ് കര്‍ണന്റെ നിര്‍ദേശം.
ഇവര്‍ക്കെതിരായ കേസ് അവസാനിക്കുന്നത് വരെ വിദേശ യാത്ര അനുവദിക്കരുതെന്നാണ് ഉത്തരവ്. തന്റെ വീടിനെ കോടതിയായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് കര്‍ണന്റെ ഉത്തരവിന്റെ നിയമപ്രാബല്യത്തെ കുറിച്ച് വ്യക്തതയില്ല.
ഏപ്രില്‍ 13ന് പട്ടികജാതി പട്ടിക വര്‍ഗ നിയമപ്രകാരം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ മറ്റ് ആറ് ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 28ന് തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.
സുപ്രിംകോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്നായിരുന്നു കര്‍ണനെതിരായ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. മാര്‍ച്ച് 31ന് മുന്‍പ് കോടതി മുന്‍പാകെ ഹാജരാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് അംഗ് ഭരണഘടനാ ബെഞ്ച് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലന്നായിരുന്നു കര്‍ണന്റെ നിലപാട്. താന്‍ ദലിതനായതുകൊണ്ടാണ് ഇരയാക്കപെടുന്നതെന്നും വിഷയം പാര്‍ലമെന്റിലേക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിം കോടതി രജിസ്ട്രാര്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. തന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തളളുകയായിരുന്നു.
സുപ്രിംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ സുപ്രിംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളികളഞ്ഞ വിവാദ ന്യായാധിപനാണ് കര്‍ണന്‍.
ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രിം കോടതി വാറന്റ് പുറപ്പെടുവിക്കുന്നത്. സുപ്രിം കോടതിയുടെ വാറന്റ് നിഷേധിച്ച ജസ്റ്റിസ് കര്‍ണന്റെ നടപടിയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതയില്ലാത്ത സംഭവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."