ദേശീയ വിദ്യാഭ്യാസ നയം: ഭാവി തലമുറയെ സങ്കുചിത കാഴ്ചപ്പാടിലേക്ക് നയിക്കരുത്: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: രാജ്യത്തെ ഭാവി തലമുറയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമാവേണ്ട വിദ്യാഭ്യാസ നയം സങ്കുചിത കാഴ്ചപ്പാടിലേക്ക് നയിക്കുന്നതാകരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിപുലമായ ചര്‍ച്ചകള്‍ക്ക് അവസരം നിഷേധിക്കുകയും ജനാധിപത്യ മതേതര മൂല്യങ്ങളെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ നയം ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അധികാര കേന്ദ്രീകരണത്തിലൂടെ ഭരണാധികാരികളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കപ്പെടുകയും സംവരണം നിഷേധിക്കപ്പെടുകയും ചെയ്യും. പ്രാദേശിക ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്, എന്നാല്‍ അന്തര്‍ദേശീയ ഇടപെടല്‍ സാധ്യമാക്കുന്ന വിദേശ ഭാഷകള്‍ നിരാകരിക്കുകയും സംസ്‌കൃതത്തിന് അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്നത് സങ്കുചിത ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനാണ്. ഭരണഘടനയിലെ മൗലിക കടമകളെ കുറിച്ച് വാചാലമാവുകയും മൗലികാവകാശങ്ങള്‍ സംബന്ധിച്ച് മൗനം പാലിക്കുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് ആവശ്യമായ പുനഃക്രമീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."