പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സഊദി നിര്‍ദേശം വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു
ജിദ്ദ: പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സഊദിയുടെ നിര്‍ദേശം ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രവാസി വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു. നിലവില്‍ നാട്ടില്‍ നിന്ന് ഹജ്ജിന് പോകാന്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് പരിമിതികള്‍ ഏറെയാണ്.
യു.എ.ഇയിലെ ഔഖാഫ് മതകാര്യ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സഊദിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ഔഖാഫ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു.
യുഎഇയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച നാല്‍പതിനായിരത്തോളം പേരില്‍ ഇരുപതിനായിരത്തോളം പേര്‍ പ്രവാസികളാണ്. അവര്‍ക്ക് മാത്രമല്ല ഇനി മുതല്‍ പ്രവാസികള്‍ക്ക് ആര്‍ക്കും ഹജ്ജിന് അനുമതി നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ഹജ്ജ് ക്വാട്ട സ്വന്തം പൗരന്‍മാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന സഊദി അറേബ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യു.എ.ഇ ഔഖാഫ് ഇസ്ലാമികകാര്യ ജനറല്‍ അതോറിറ്റി വക്താവ് ഡോ. അഹമ്മദ് അല്‍ മൂസയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സഊദിയുടെ നിര്‍ദേശം യു.എ.ഇക്ക് മാത്രമല്ല മുഴുവന്‍ ജി.സി.സി രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ഹജ്ജിന് തയാറെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയിലാണ്. വിദേശത്ത് ജോലിയുള്ളവര്‍ക്ക് നാട്ടില്‍ നിന്ന് ഹജ്ജിന് പോകാന്‍ പ്രായോഗിക തടസങ്ങളുണ്ട്. ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ വിമാന ഷെഡ്യൂളിന് അനുസരിച്ച് ഒരു മാസത്തിലേറെ സമയം നീക്കിവെക്കേണ്ടി വരും.
ഗള്‍ഫില്‍ നിന്ന് കുറഞ്ഞ ദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്. പ്രവാസികള്‍ ഹജ്ജിനായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.
അതേസമയം ഈ തീരുമാനം സംബന്ധിച്ച സഊദിയുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സഊദി തീരുമാനം കര്‍ശനമായി നടപ്പാക്കിയാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഗള്‍ഫിലെ പ്രവാസികള്‍ ഇനി റിട്ടയര്‍മെന്റ് വരെ കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."