ലൈഫ് പദ്ധതി: പട്ടിക വന്നപ്പോള്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ നിന്ന് 52പേര്‍ മാത്രം
കിളിമാനൂര്‍: സര്‍ക്കാര്‍ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച ലൈഫ് പദ്ധതിയില്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ 52 പേര്‍ക്ക് മാത്രം വീടിന് അര്‍ഹത. വിളിച്ചുണര്‍ത്തിയിട്ട് ഭൂരിഭാഗം പേര്‍ക്കും ചോറില്ലന്നു പറഞ്ഞ അവസ്ഥയായി. ഭൂമി ഉള്ളവരില്‍ നിന്നാണ് ഈ 52 പേരെ കണ്ടെത്തിയിരിക്കുന്നത്. അപേക്ഷകരില്‍ 95 ശതമാനം പേരും ഒടുവില്‍ പുറത്തായി.
വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് എന്നതായിരുന്നു ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് വിളംബരം ചെയ്തത്. ഒടുവില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിച്ച് പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ 5 ശതമാനം പേര്‍ മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി ഈ 52 പേര്‍ക്കും ആദ്യ ഗഡു തുക നല്‍കുന്നതിന് തീരുമാനിച്ചു. രണ്ടു വര്‍ഷം മുമ്പാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ തുടങ്ങിയത്. കുടുംബശ്രീ അംഗങ്ങള്‍ വീട് വീടാന്തിരം കയറിയിറങ്ങി സര്‍വേ എടുക്കുകയായിരുന്നു ആദ്യം ചെയ്തത്. അപ്പോള്‍ മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അര്‍ഹരായവര്‍ തഴയപ്പെടുന്ന നിലയിലായിരുന്നു ചോദ്യാവലിയും സര്‍വേ നടപടികളുമെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു.
വീടുണ്ടെന്ന കാരണം കൊണ്ടു തന്നെ പലരും തഴയപ്പെടുന്ന അവസ്ഥയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കും മറ്റും കൊണ്ട് നിര്‍മിച്ച വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിച്ചിരുന്ന പലരും വീടുണ്ടെന്ന കാരണത്താല്‍ സര്‍വേ കഴിഞ്ഞ് ആദ്യ പട്ടിക പുറത്ത് വന്നപ്പോള്‍ തന്നെ തഴയപ്പെട്ടിരുന്നു. ആയിരത്തിന് മുകളില്‍ അപേക്ഷകര്‍ ആണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. പട്ടിക പുറത്ത് വന്നപ്പോള്‍ അത് 120 ആയി കുറഞ്ഞു. ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അത് വീണ്ടും നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയ ഗ്രാമ സേവകന്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ 52 പേര്‍ മാത്രമാണ് അര്‍ഹരെന്ന് കണ്ടെത്തുകയായിരുന്നു.
റേഷന്‍ കാര്‍ഡിനെ ഒരു കുടുംബമായി കണക്കാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് പ്രധാനമായും ഗുണഭോക്താക്കള്‍ക്ക് വിനയായത്. വീടില്ലാതെ റേഷന്‍ കാര്‍ഡ് കിട്ടുകയില്ല. പലരും കുടുംബ കാര്‍ഡിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും വീട് ഉണ്ടെങ്കില്‍ വീട് നല്‍കാനും കഴിയില്ല. അതിനാല്‍ ഭൂരിഭാഗം അപേക്ഷകരും തഴയപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച ലൈഫ് പദ്ധതി പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ ഗുണഭോക്താക്കളെ നിരാശയിലാക്കി.
ജന പ്രതിനിധികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിയാണുള്ളത്. 17 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ തട്ടത്തുമല വാര്‍ഡില്‍ ഒരാളിനു പോലും പദ്ധതിയില്‍ വീടില്ല. രണ്ടാം വാര്‍ഡിലും ഒമ്പതാം വാര്‍ഡിലും ഓരോരുത്തര്‍ക്കാണ് വീടുള്ളത്. 5, 11, 12, 14, 15, 17 വാര്‍ഡുകളില്‍ 2 പേര്‍ക്ക് വീതവും 3, 7, 13 വാര്‍ഡുകളില്‍ 3 പേര്‍ക്ക് വീതവും 4, 16 വാര്‍ഡുകളില്‍ 4 പേര്‍ക്ക് വീതവും എട്ടാം വാര്‍ഡില്‍ 5 പേര്‍ക്കും 6, 10 വാര്‍ഡുകളില്‍ 8 പേര്‍ക്ക് വീതവുമാണ് വീടുള്ളത്. ആദ്യ ഗഡു ധന സഹായം ഉടനെ ഇവര്‍ക്ക് നല്‍കും. കിളിമാനൂര്‍ ബ്ലോക്കിലെ മിക്ക പഞ്ചായത്തുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ലന്നാണ് പുറത്ത് വരുന്ന വിവരം. അപേക്ഷ സമര്‍പ്പിച്ച വസ്തുവും വീടും ഇല്ലാത്തവരുടെ അവസ്ഥ എന്താകുമെന്ന് കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."