പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: പുതിയ വിദ്യാഭ്യാസ നയത്തിനു പിന്നില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ ഏറെയാണെന്നും അതു നാടിനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍.
ഫെഡറലിസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസരീതി അടിമുടി മാറ്റുന്നത് വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കാനാണെന്ന് പരക്കെ ഉയര്‍ന്നുവന്ന സന്ദേഹം തള്ളിക്കളയാനാവില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയും സമുദായ ഐക്യവും ന്യൂനപക്ഷ സംരക്ഷണ നിലപാടും ഇല്ലായ്മ ചെയ്യാനായിരിക്കും പുതിയ നയം ഉപകരിക്കുക.
വ്യക്തിസ്വാതന്ത്ര്യം, മതനിരപേക്ഷത, പിന്നാക്ക ന്യൂനപക്ഷ അവകാശങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഭരിക്കുന്നവര്‍ക്ക് മൗനാനുവാദം നല്‍കുന്ന പുതിയ വിദ്യാഭ്യാസ നയം ധൃതിപ്പെട്ട് നടപ്പാക്കുന്നതിനു മുന്‍പ് തുറന്ന ചര്‍ച്ച അനിവാര്യമാണ്. മതപഠനം, ഭാഷാപഠനം, സമയക്രമം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കരുതെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം കേന്ദ്ര, കേരള സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷ്യനായി.
ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."