സ്‌കൂളിലെ കുടിവെള്ള ടാങ്കില്‍ നായ്കുട്ടികള്‍ ചത്ത നിലയില്‍: കുരുന്നുകളുടെ കുടിവെള്ളം മുട്ടിച്ചത് സാമൂഹ്യ വിരുദ്ധരെന്ന് സംശയം
കൊട്ടാരക്കര: പ്രൈമറി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പൊതു വിദ്യാലയത്തിലെ കുടിവെള്ള ടാങ്കില്‍ നായ്ക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഗവ. യു.പി സ്‌കൂളിലെ കുടിവെള്ള സംഭരണിയിലാണ് ചത്ത ഒന്‍പത് നായ്ക്കുട്ടികളെ ഇന്നലെ രാവിലെ കണ്ടെത്തിയത്.
ജനിച്ചിട്ട് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളാണ് എല്ലാം. ദിവസവും രാവിലെ സ്‌കൂളിലെ കുടിവെള്ള ടാപ്പുകളും കുടിവെള്ള സംഭരണികളും അധ്യാപകര്‍ പരിശോധിക്കാറുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെ സ്‌കൂളിലെ കായിക അധ്യാപകനും, നഗരസഭാ കൗണ്‍സിലറുമായ തോമസ് പി. മാത്യൂ സ്‌കൂള്‍ പരിസരവും കുടിവെള്ള സംഭരണികളും പതിവ് പോലെ പരിശോധിക്കുന്നതിനിടയിലാണ് ചത്ത ഒന്‍പതോളം നായകുട്ടികളെ ടാങ്കിനുള്ളിലെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അദ്ദേഹം സ്‌കൂളിലെ പ്രധാനധ്യാപകനായ വേണു കുമാറിനെ വിവരം അറിയിക്കുകയും പ്രധാനധ്യാപകന്‍ പൊലിസില്‍ പരാതി നല്‍കുകയമായിരുന്നു. മൃഗസംരക്ഷണ വകുപ്പിപ്പിനെയും ആരോഗ്യവകുപ്പിനേയും വിവരം അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ പൊലിസും മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ജനിച്ചിട്ട് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളെ കുടിവെള്ള ടാങ്കില്‍ മുക്കി കൊന്നതായിട്ടാണ് പ്രാഥമിക നിഗമനം. പുറത്തെടുത്ത പരിശോധിച്ച നായ്ക്കുട്ടികള്‍ക്ക് മുറിവോ ക്ഷതമോ സംഭവിച്ചിട്ടില്ല. സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. കൊട്ടാരക്കര പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
50 വര്‍ഷത്തിലധികം പഴക്കമുള്ള കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഗവ. യു.പി സ്‌കൂള്‍ ഇപ്പോള്‍ പി.ടി.എയും പൂര്‍വ വിദ്യാര്‍ഥി സംഘടനയും ചേര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്. ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കിയിട്ടുണ്ട്. ഒരു ക്ലാസ്സ് മുറി ശീതീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ അധ്യയന വര്‍ഷം നിരവധി കുട്ടികള്‍ സ്‌കൂളില്‍ പ്രവേശനം നേടിയിട്ടുണ്ട്. സ്‌കൂളിന്റെ പുരോഗതിയില്‍ അസൂയ ഉള്ളവരായിരിക്കും ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് ക്ലാസ് മുറിയില്‍ മല മൂത്ര വിസര്‍ജ്ജനം നടത്തി മുറികള്‍ മലീനസമാക്കുകയും സ്‌കൂളിലെ ക്ലാസ് മുറി കത്തിച്ച സംഭവവും നടന്നിട്ടുണ്ട്.
കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും സ്‌കൂള്‍ വളപ്പില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."