ചിരിക്കുന്ന മുഖവും മനോഹര ചിത്രങ്ങളും ബാക്കിയാക്കി ഞങ്ങളുടെ ശ്രീകാന്ത് യാത്രയായി
പ്രതിസന്ധിഘട്ടങ്ങളിലെ ഹൃദയം തുറന്നുള്ള ചിരിയും കാമറക്കണ്ണുകളിലൂടെ പെയ്തിറങ്ങിയ ചിത്രങ്ങളും ബാക്കിയാക്കി ഞങ്ങളുടെ ശ്രീകാന്ത് യാത്രയായി. ആര്‍ത്തലച്ചെത്തിയ പേമാരിയിലും ആഞ്ഞുവീശിയ ഓഖിയിലും നഗരത്തിന്റെ നെഞ്ചിടിപ്പേറ്റിയ സമര മുഖത്തും കേരള രാഷ്ട്രീയം ഉലഞ്ഞാടിയ നിമിഷങ്ങളിലുമൊക്കെ അവന്റെ കാമറയുടെ ഷട്ടര്‍ വിശ്രമമില്ലാതെ തുറന്നടഞ്ഞു.
അര്‍ധരാത്രിയില്‍ പത്രം അച്ചടിച്ചുകഴിഞ്ഞിട്ടും ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ നഷ്ടപ്പെടുത്താതെ കാമറയുമായി അവന്‍ നഗരത്തിലുണ്ടായിരുന്നു. അവന്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിരുന്ന കൂടുകൂട്ടുന്ന പക്ഷിയുടെയും കാലംതെറ്റി പൂക്കുന്ന കണിക്കൊന്നയുടെയും ചിത്രങ്ങള്‍ കരയിക്കുന്ന ഓര്‍മകള്‍ കൂടി സൃഷ്ടിക്കുന്നവയാകും.
തലസ്ഥാനത്തെ മാധ്യമ ഫോട്ടോഗ്രാഫര്‍മാരിലെ ഇളംമുറക്കാരനായ ശ്രീകാന്തിന്റെ സൗഹൃദ വലയങ്ങള്‍ക്കു പക്ഷേ വലിപ്പ, ചെറുപ്പമില്ലായിരുന്നു. പ്രസ്‌ക്ലബിന്റെ മുറ്റത്ത് സ്‌നേഹം പങ്കിട്ട് നില്‍ക്കുന്ന അവനു ചുറ്റും ഫോട്ടോഗ്രാഫര്‍മാരിലെ ഏറ്റവും മുതിര്‍ന്നവര്‍ വരെയുണ്ടായിരുന്നു.
പരിപാടികളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ചിത്രമെടുക്കാന്‍ സ്‌കൂട്ടറില്‍ പാഞ്ഞെത്തുന്ന അവന്‍ പത്രപ്രവര്‍ത്തകര്‍ക്കിടയിലെ സ്ഥിരം കാഴ്ചയാണ്.
കൊവിഡ് ഭീതി വേട്ടയാടിയപ്പോള്‍, ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വഹിച്ച് മടങ്ങിയെത്തുമ്പോള്‍ പ്രിയപ്പെട്ട കുടുംബത്തിന് അത് പ്രതിസന്ധിയാകരുതെന്ന് കരുതി എത്ര നാളാണ് അവന്‍ കുഞ്ഞുമകനെ പിരിഞ്ഞിരുന്നത്..? ലോക്ക്ഡൗണില്‍ നഗരം അടഞ്ഞു കിടന്നപ്പോള്‍ എത്രദിവസമാണ് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അവന്‍ ഭക്ഷണമെത്തിച്ചത്..? ഓര്‍മകള്‍ മഴയായി പെയ്യുമെങ്കില്‍, ആ മഴ ഞങ്ങളുടെ ഹൃദയങ്ങളെയൊന്നാകെ കണ്ണീരില്‍ നനയ്ക്കുകയാണ്.
ശ്രീകാന്ത്, പ്രിയപ്പെട്ടവനെ നീ കടന്നുപോയെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ആ ദുരന്ത വാര്‍ത്ത കേട്ടപ്പോഴും ആശുപത്രി കിടക്കയില്‍ നിന്നും ഇനിയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും ആ കാമറയും തൂക്കി നഗരത്തിന്റെ തെരുവിലൂടെ ചിരിച്ചുകൊണ്ട് പുതിയ ഫ്രെയിം തേടി നീ അലയുന്നതും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നു. നിനക്കായി പ്രാര്‍ഥിച്ചുകൊണ്ട് കഴിയുകയായിരുന്നു ഞങ്ങള്‍ ഈ ഒരാഴ്ചയത്രയും. ഞങ്ങളെയെല്ലാം ദുഃഖത്തിലേക്ക് തള്ളിവിട്ട് നീ വിടപറഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല, ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക്.
സുപ്രഭാതം കുടുംബം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."