പതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
താമരശ്ശേരി: പുതുപ്പാടി കണ്ണപ്പന്‍കുണ്ടിനടുത്ത് പരപ്പന്‍പാറയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തി. പുളിക്കത്തടത്തില്‍ സ്‌കറിയയുടെ വീട്ടിലാണ് ഇന്നലെ രാത്രി ഏഴോടെ സംഘമെത്തിയത്. ജീരകപ്പാറ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. കന്നഡ സംസാരിക്കുന്ന സ്ത്രീയും തമിഴനും ഒരു മലയാളിയുമാണു സംഘത്തിലുണ്ടായിരുന്നത്. അത്താഴം പാചകം ചെയ്യിച്ച് കഴിച്ച ശേഷം രണ്ടുകിലോ അരിയും പച്ചക്കറികളുമായി രാത്രി 10.45 ഓടെയാണു സംഘം വനത്തിലേക്കു തിരിച്ചത്.
മാവോയിസ്റ്റ് തത്വശാസ്ത്രങ്ങള്‍ വിവരിക്കുകയും ഭരണവര്‍ഗത്തിന്റെ ചൂഷണത്തിനെതിരെ പോരാടുന്നവരാണെന്നും ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടതായി സ്‌കറിയ പറഞ്ഞു. താമരശ്ശേരി പൊലിസില്‍ മെസേജ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അവര്‍ സ്ഥലം വിട്ടിരുന്നു.
ഒരാഴ്ച മുന്‍പും പ്രദേശത്തു മാവോയിസ്റ്റുകള്‍ വന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. നേരത്തെ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട സ്ഥലമാണു കണ്ണപ്പന്‍കുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നാലംഗ മാവോയിസ്റ്റുകള്‍ എത്തുകയും വീടുകളിലെത്തി ഭക്ഷണവും അവശ്യസാധനങ്ങളും ആവശ്യപ്പെട്ടിരുന്നു. പൊലിസില്‍ അറിയിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന ഭീഷണിയും സംഘം മുഴക്കിയിരുന്നു. ഇതേ സംഘം തന്നെയാണോ ഇത്തവണയും എത്തിയതെന്നു പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."