പ്രളയം തകര്‍ത്ത ഇത്തപ്പാറ കോളനിയില്‍ വിഷു ആഘോഷിച്ച് രമ്യ
വടക്കാഞ്ചേരി: വിഷുദിനത്തില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനം കീഴടക്കി ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.
നിയോജക മണ്ഡലത്തിലെ അവണൂര്‍, തോളൂര്‍, അടാട്ട്, കൈപറമ്പ് , കോലഴി, മുളങ്കുന്നത്തുകാവ് , തെക്കുംകര പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലും പ്രധാന സ്ഥാപനങ്ങളിലും, വ്യക്തികളുടെ വസതികളിലും, ആരാധനാലയങ്ങളിലും വിഷു ആശംസയുമായെത്തിയ രമ്യ മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി. കഴിഞ്ഞ പ്രളയം തകര്‍ത്ത അവണൂര്‍ പഞ്ചായത്തിലെ ഇത്തപ്പാറ കോളനിയില്‍ സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ ഉച്ചതിരിഞ്ഞ് 2 കഴിഞ്ഞിരുന്നു സമയം.
സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് രമ്യയെ കാത്തിരുന്നിരുന്നത്. കോളനി നിവാസികള്‍ക്കൊപ്പമായിരുന്നു രമ്യയുടെ വിഷുസദ്യ. കോളനി നിവാസികള്‍ വിളമ്പിയ വിഷു സദ്യ അവരോടൊപ്പമിരുന്ന് കഴിച്ച രമ്യ എല്ലാ വീട്ടിലും വിഷു ആശംസയുമായെത്തി.
വടക്കാഞ്ചേരിയില്‍ വ്യാപാരികളുമായി രമ്യ ചര്‍ച്ച നടത്തി. വ്യാപാരഭവനിലെത്തിയ സ്ഥാനാര്‍ത്ഥി വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സശ്രദ്ധം കേട്ടു. കേന്ദ്രത്തില്‍ യു.പി.എ അധികാരത്തിലെത്തുകയും, താന്‍ ആലത്തൂര്‍ എം.പിയാവുകയും ചെയ്താല്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് രമ്യ ഉറപ്പ് നല്‍കി.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് മല്ലയ്യ, സെക്രട്ടറി പി. എന്‍. ഗോകുലന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം റോഡ് വികസനവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിലെ ആശങ്കയും, ജി.എസ്.ടിയില്‍ അമിത ഫൈന്‍ ഈടാക്കലിലെ പ്രതിഷേധവും, വാടക,കുടിയാന്‍ നിയമം പാസാക്കല്‍ എന്നിവ സംബന്ധിച്ചുള്ള നിവേദനവും വ്യാപാരികള്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."