ഫേസും ന്യൂട്രലും മാറി; കത്തിനശിച്ചത് 58 വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍
സ്വന്തം ലേഖകന്‍
താമരശ്ശേരി: തെങ്ങുവീണ് തകര്‍ന്ന വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കുന്നതിനിടെ ഫേസും ന്യൂട്രലും മാറിഘടിപ്പിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 58 വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ട് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ വെണ്ടേക്കുംചാല്‍ ബൈപാസ് റോഡില്‍ മുറിഞ്ഞുവീണ വൈദ്യുതത്തൂണ്‍ ജീവനക്കാരെത്തി മാറ്റി പുതിയതു സ്ഥാപിക്കുന്നതിനിടെ ഫേസും ന്യൂട്രലും മാറുകയായിരുന്നു.
മൂന്ന് ഫേസുകളുള്ള വൈദ്യുതത്തൂണില്‍ ന്യൂട്രല്‍ കണക്ഷന്‍ കൊടുക്കേണ്ടിടത്ത് ഫേസ് കണക്ഷന്‍ കൊടുത്തതാണു വീടുകളിലെ വയറിങ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിക്കാനിടയാക്കിയത്. കഴിഞ്ഞ ശനിയാഴ്ച കാറ്റില്‍ തെങ്ങ് മുറിഞ്ഞുവീണാണ് വൈദ്യുതത്തൂണ്‍ തകര്‍ന്നത്. തിങ്കളാഴ്ച വൈകിട്ട് കരാര്‍ ജീവനക്കാരെത്തി വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കുമ്പോള്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതേതുടര്‍ന്ന് രാവിലെ മുതല്‍ നാട്ടുകാര്‍ പുതുപ്പാടി കെ.എസ്.ഇ.ബി ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാനോ നാട്ടുകാരുമായി സംസാരിക്കാനോ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികളടക്കം ബന്ധപ്പെട്ടെങ്കിലും ഉച്ചവരെ ആരും സ്ഥലത്തെത്തിയില്ല. ഉച്ചയ്ക്കു ശേഷം ഒന്നരയോടെ അധികൃതരെത്തി ലൈന്‍ മാറ്റാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. അസി. എന്‍ജിനീയര്‍ വന്ന് സംഭവം ബോധ്യപ്പെടാതെ ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു. സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ശേഷം താമരശ്ശേരി എസ്.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പിന്നീട് അസി. എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
ഇന്നു രാവിലെ അസി. എന്‍ജിനീയറെത്തി പരിശോധന നടത്താമെന്ന ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വയറിങ്ങിനു പുറമെ ഫ്രിഡ്ജ്, ടിവി, വാഷിങ് മെഷിന്‍, മോട്ടോര്‍, മിക്‌സി, ഫാന്‍, സി.എഫ്.എല്‍ ബള്‍ബുകള്‍, ഇന്റന്‍ഷന്‍ കുക്കര്‍, ഓക്‌സിജന്‍ കൊടുക്കുന്ന മെഷിന്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചതായും 10 ലക്ഷം രൂപുടെ നഷ്ടം സംഭവിച്ചതായും 58 പേര്‍ ഒപ്പിട്ട പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."