ഒടുവില്‍ റബീഹിന്റെ മൃതദേഹം കണ്ടെത്തി
തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ മുഹമ്മദ് റബീഹിനുവേണ്ടി രണ്ടു ദിവസം നടത്തിയ തെരച്ചിലിനൊടുവില്‍ കടലില്‍നിന്നു മൃതദേഹം ലഭിച്ചു. സംഭവസ്ഥലത്തുനിന്നു പത്തു കിലോമീറ്റര്‍ ദൂരെയായി അരിയല്ലൂര്‍ ബീച്ചിലാണ് മൃതദേഹം അടിഞ്ഞത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നിരുന്നത്.
മാതാവ് കറുത്താമക്കത്ത് വീട്ടില്‍ ശാക്കിറയും റബീഹും മറ്റൊരു ചെറിയ കുട്ടിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന ചെറിയ കുട്ടി കരഞ്ഞപ്പോള്‍ ശാക്കിറ അകത്തേക്കു പോയി തിരിച്ചുവന്ന സമയം റബീഹിനെ കാണാതായി. തെരച്ചിലിനൊടുവില്‍ വീടിനടുത്തുള്ള പുഴവക്കില്‍ ചെരിപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. ഈ സമയം മുതല്‍ നാട്ടുകാരും അഗ്‌നിശമന സേനയും പുഴയില്‍ തെരച്ചില്‍ ആരംഭിച്ചതാണ്.
രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ വൈകിട്ട് ആറോടെ വള്ളിക്കുന്ന് അരിയല്ലൂര്‍ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ശക്തമായ കുത്തൊഴുക്കും വെള്ളപ്പൊക്കവും കാരണം അഗ്‌നിശമനസേനയും മറ്റുള്ളവരും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താതിരുന്നതിനാല്‍ ഇന്നലെ കൊച്ചിയില്‍നിന്നുള്ള നാവിക സേനയും തെരച്ചിലിനെത്തിയിരുന്നു. നേവി ഉദ്യോഗസ്ഥര്‍ അത്യാധുനിക സംവിധാനത്തോടെയാണ് എത്തിയിരുന്നത്.
അഗ്‌നിശമനസേനയ്ക്കു പുറമേ വേങ്ങര, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനെത്തി. റവന്യൂ, പൊലിസ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് ക്യാംപ് ചെയ്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പരപ്പനങ്ങാടി പൊലിസ് സ്ഥലത്തെത്തി മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. വെളിമുക്ക് ക്രസന്റ് ഇീഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു റബീഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."