ആവേശത്തിരയായി അന്‍വറിന്റെ റോഡ് ഷോ
ആനക്കര: പറയിപെറ്റ പന്തിരുകുലത്തിന്റെ ദേശപെരുമയേറുന്ന തൃത്താലയുടെ മണ്ണിനെ ആവേശത്തിലാഴ്ത്തി പി.വി അന്‍വറിന്റെ റോഡ് ഷോ പൂര്‍ത്തിയായി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് അസംബ്ലി മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ പി.വി അന്‍വറിന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയില്‍ അണിനിരന്നത്. ഭാരതപ്പുഴയെ തൊട്ടുരുമ്മി കിടക്കുന്ന പരുതൂര്‍ പഞ്ചായത്തിലെ മംഗലംകുന്നിലാണ് ആദ്യം എത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ കാണാന്‍ റോഡരികിലേക്ക് ഒഴുകിയെത്തി. കുളമുക്ക്, നാട പറമ്പ്, കൊടിക്കുന്ന്, പള്ളിപ്പുറം, ഓട്ടുപാറയ്ക്കുന്ന് മേഖലകളില്‍ പര്യടനം നടത്തി വീണ്ടും വെള്ളിയാങ്കല്ല് പാലം വഴി പട്ടിത്തറയില്‍ എത്തി. തുടര്‍ന്ന് ആനക്കര പഞ്ചായത്തിലെ കൂടല്ലൂരില്‍ നിന്നാരംഭിച്ച് വരട്ടി പള്ളിയാലില്‍ വഴികപ്പൂരിലെ പറക്കുളത്തേക്ക് പ്രവേശിച്ചു. പള്ളങ്ങാട്ടുചിറയിലൂടെ ചാലിശേരി പഞ്ചായത്തിലെ മുക്കിലപിടിക, ടൗണ്‍ തുടങ്ങിയ മേഖലകളിലൂടെ കടന്ന് ഉച്ചഭക്ഷണത്തിനായി കക്കാട്ടിരിയില്‍ സമാപിച്ചു. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും അവഗണിച്ചാണ് ആവേശം വാനിലുയര്‍ത്തി റോഡ് ഷോയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നത്.
നാഗലശേരിയിലെ കോതച്ചിറയിലൂടെ, തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍, തൃത്താല പഞ്ചായത്തിലെ മാട്ടായ, മേഴത്തൂര്‍, കോടനാട്, കൂറ്റനാട് സെന്റര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. എല്‍.ഡി.എഫ് നേതാക്കളായ വി.കെ ചന്ദ്രന്‍, മോഹനന്‍, പി.കെ ചെല്ലുക്കുട്ടി എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."