ജി.സി മുര്‍മു ഇനി സി.എ.ജി?
ശ്രീനഗര്‍: ജമ്മു കശ്മിര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി മുര്‍മു രാജിവച്ചു. ഇദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനു പിന്നാലെ മുര്‍മുവിനെ പുതിയ സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍)യായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മിരിന്റെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനോജ് സിന്‍ഹയേയും നിയമിച്ചിട്ടുണ്ട്. 61കാരനായ സിന്‍ഹ ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയായിരുന്നു ഗിരീഷ് ചന്ദ്ര മുര്‍മുവെന്ന ജി.സി മുര്‍മുവിനെ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചിരുന്നത്. കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ രാജി. വിവിധ വിഷയങ്ങളില്‍ കശ്മിരില്‍ പ്രതിഷേധവും അഭിപ്രായവ്യത്യാസങ്ങളും ഉയര്‍ന്നുവരവേയാണ് രാജിയും പുതിയ നിയമനവുമെന്നതു ശ്രദ്ധേയമാണ്. നേരത്തെ, ജമ്മു കശ്മിരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് മുര്‍മു നടത്തിയ പ്രസ്താവ വിവാദമാകുകയും ഇദ്ദേഹത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താകുറിപ്പിറക്കുകയും ചെയ്തിരുന്നു. കശ്മിരില്‍ 4ജി ഇന്റര്‍നെറ്റിന്റെ വിഷയത്തിലും ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ വിവാദമായിരുന്നു.
ജമ്മു കശ്മിരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയോടെയാണ് പുതിയ നിയമനമെന്നാണ് സൂചന. അടുത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മിര്‍ സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."