ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതി
തിരുവനന്തപുരം : ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പട്ടികജാതി കോളനികളുള്‍പ്പെടെ പലയിടത്തും ദിവസങ്ങളോളം കുടിവെള്ളം എത്തുന്നില്ലെന്നും ജനങ്ങള്‍ ഏറെ ദുരിതത്തിലാണെന്നും എം.എല്‍.എ മാരായ സി. ദിവാകരന്‍, ഡി.കെ മുരളി, ഐ.ബി സതീഷ് എന്നിവര്‍ അറിയിച്ചു.
റവന്യൂ, പഞ്ചായത്ത്, ജലവിഭവവകുപ്പ് എന്നിവ സംയുക്തമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് കുടിവെള്ള പ്രശ്‌നത്തില്‍ സ്വീകരിച്ചു വരുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 160 കിയോസ്‌കുകള്‍ സ്ഥാപിച്ച് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നു. ആവശ്യമെങ്കില്‍ ടാങ്കറുകളിലും കിയോസ്‌കുകളിലുമായി കൂടുതല്‍ ജലമെത്തിക്കാനുള്ള സംവിധാനം ഒരുക്കും. ജലസേചനം, നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ക്വാറികളും കുളങ്ങളുമടക്കം ജില്ലാ ഭരണകൂടം ഏറ്റെടുത്ത 35 ജലസ്രോതസുകളുടെ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കുന്നതിന് ജലവിഭവ വകുപ്പിന് യോഗത്തില്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യമുണ്ടായാല്‍ വിതരണം ചെയ്യാനാകും വിധം കരുതലില്‍ സൂക്ഷിക്കാനാണിത്. വിവിധ ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാതെയും മറ്റും നിലച്ചുപോയ ചെറുകിടജലവിതരണ പദ്ധതികള്‍ ജൂണിനു മുന്‍പ് പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സി. ദിവാകരന്‍ എം.എല്‍.എ ആവശ്യപ്പട്ടു.
ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ കിണറുകളുടെ റീചാര്‍ജിങിന് മുന്‍തൂക്കം നല്‍കണമെന്ന് ഐ.ബി സതീഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബി. പ്രേമാനന്ദ് അറിയിച്ചു.
ഫ്‌ളാറ്റുകള്‍ ജലം ഊറ്റുന്നതായുള്ള പരാതികളില്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്നും ജലദുര്‍വിനിയോഗം കണ്ടെത്തുന്നതിന് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് അധികൃതര്‍ പറഞ്ഞു. കുഴല്‍ക്കിണറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അടിയന്തര ഘട്ടങ്ങളില്‍ അനുമതി നല്‍കാറുണ്ടെന്നും എം.എല്‍.എമാരുടെ ചോദ്യത്തിന് മറുപടിയായി ഭൂഗര്‍ഭജല വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി വില്‍സണ്‍ അറിയിച്ചു.
ശുദ്ധീകരിക്കുന്ന ക്വാറികളുടെയും കുളങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന് ബി. സത്യന്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം ഏറ്റെടുത്ത ജലസ്രോതസുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വിജയ അറിയിച്ചു.
അഞ്ചുതെങ്ങിലെ ചില വാര്‍ഡുകളില്‍ ജലക്ഷാമം രൂക്ഷമാണെന്നും വാട്ടര്‍ കിയോസ്‌കുകള്‍സ്ഥാപിക്കാന്‍ നടപടി വേണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന വാര്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കി ഇവിടെ മുന്ന് വാര്‍ഡുകളില്‍ ഇതിനോടകം കിയോസ്‌കുകള്‍ സ്ഥാപിച്ചതായും ഈ ആഴ്ചതന്നെ മറ്റു രണ്ട് വാര്‍ഡുകളില്‍ കൂടി കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ സി. ദിവാകരന്‍, ഐ.ബി സതീഷ്, ഡി.കെ മുരളി, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എമാരായ കെ. മുരളീധരന്‍, അഡ്വ വി. ജോയി, ബി. സത്യന്‍, എം.പിമാരായ എ. സമ്പത്ത്, ശശിതരൂര്‍ എന്നിവരുടെ പ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."