വര്‍ഗീയതയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ല: പിണറായി വിജയന്‍
ആനക്കര: വര്‍ഗീയതയില്‍ കോണ്‍ഗ്രസും ബി.ജെ.പി തമ്മില്‍ വ്യത്യാസമില്ല മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് തൃത്താല മണ്ഡലം റാലിയുടെ ഭാഗമായി കൂറ്റനാട് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബി.ജെ.പിയും പിന്തുടരുന്നത്. യു.ഡി.എഫിന്റെ ഭരണകാലത്ത് കേരളം അഴിമതിയുടെ കാര്യത്തിലായിരുന്നു മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ എല്‍.ഡി.എഫിന്റെ ഭരണകാലത്ത് അഴിമതിയില്ലാത്ത സംസ്ഥാനമായി മാറി. രാജ്യത്തിനു ഗുണകരമാകുന്ന ബദല്‍നയം കൊണ്ടു വരുന്ന ഗവണ്മെന്റ് ആണ് അധികാരത്തില്‍ വരേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനദ്രോഹ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യത്തിനു വലിയ നാശം ഉണ്ടാകുമെന്നും ബി.ജെ.പിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കി കോണ്‍ഗ്രസ് പിടിച്ചു നിര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആപത്തില്‍പ്പെടുന്ന കോണ്‍ഗ്രസിന് എല്ലാകാലത്തും ബി.ജെ.പി വോട്ട് മറിച്ചു കൊടുത്തിട്ടുണ്ട്. കേരളത്തില്‍ മത്സരിക്കുന്ന ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.ജെ.പിയില്‍ പോവില്ല എന്ന പരസ്യം ചെയ്തിരിക്കയാണ്. കോണ്‍ഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയും. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് 2004ല്‍ കേരളം കാണിച്ചു തന്നു. ഇടത്പക്ഷത്തിന് 20ല്‍ 18 സീറ്റ് നല്‍കി. ഇത്തവണ അതിലും കുടുതല്‍ സീറ്റ് ലഭിക്കും. ബി.ജെ.പിക്ക് പകരം അതേ നയങ്ങള്‍ തുടരുന്ന കോണ്‍ഗ്രസ് വന്നിട്ട് കാര്യമില്ല. മന്‍മോഹന്‍സിങ് മാറി നരേന്ദ്രമോഡി വന്നപ്പോള്‍ ഒരു മാറ്റവും ഉണ്ടായില്ല. ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഇരുകൂട്ടരും നവഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയാണ് നടപ്പിലാക്കിയത്. ഇതില്‍ മാറ്റം വരണമെങ്കില്‍ ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍ വരണമെന്നും പിണറായി പറഞ്ഞു.
പി.കെ ചെല്ലുക്കുട്ടി അധ്യക്ഷനായി. എല്‍.ഡി.എഫ് കണ്‍വീനര്‍ എവിജയ രാഘവന്‍, എന്‍.സി.പി അഖിലേന്ത്യാ സെക്രട്ടറി എം.എ മുഹമ്മദ് കുട്ടി സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.എന്‍ മോഹനന്‍ സ്വാഗതവും എ.കെ ദേവദാസ് നന്ദിയും പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം. ചന്ദ്രന്‍, പി. നന്ദകുമാര്‍, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പി. മമ്മിക്കുട്ടി, വി.കെ ചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."