വീട്ടമ്മയെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തല്‍; അടിയന്തിര റിപ്പോര്‍ട്ട് തേടി
കാസര്‍കോട്: മൂളിയാര്‍ പഞ്ചായത്ത് പരിധിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്ത് താമസിക്കുന്ന വീട്ടമ്മയെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കാസര്‍കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. കേസ് അടുത്ത മാസം 13നു കാസര്‍കോട്ട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
മൂളിയാര്‍ മൂലടുക്കം സ്വദേശിനി എന്‍.കെ ശ്രീലതയെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇവരുടെ മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ്. ശ്രീലതയുടെ കണ്ണുകളുടെ കാഴ്ചപ്പെടുകയും ട്യൂമര്‍ ബാധിച്ച് തലയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. പരസഹായമില്ലാതെ നിത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുളളതെന്ന് പരാതിയില്‍ പറയുന്നു.
രോഗം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പരാതിയില്‍പറയുന്നു. ആഹാരസാധനങ്ങള്‍ വാങ്ങാന്‍ പോലുമാകാത്ത അവസ്ഥയാണുള്ളത്. പരിയാരം മെഡിക്കല്‍ കോളജിലാണ് ചികിത്സ നടത്തുന്നത്.
മൂളിയാര്‍ പ്ലാന്റേഷനല്‍ ഹെലികോപ്റ്ററില്‍ മരുന്ന് തളിക്കുമ്പോള്‍ വിഷമഴ നനഞ്ഞത് ശ്രീലത ഓര്‍ക്കുന്നുണ്ട്. മകന്‍ ജിഷ്ണു രോഗബാധിതനായതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."