ജില്ലയിലെ 159 പ്രശ്നസാധ്യതാ ബൂത്തുകള്‍ കാമറ നിരീക്ഷണത്തില്‍
പാലക്കാട്:ജില്ലയിലെ 159 പ്രശ്‌നസാധ്യത ബൂത്തുകളില്‍ കാമറാ നിരീക്ഷണത്തിലാവും വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് കാമറ നിരീക്ഷണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അക്ഷയ സംരംഭകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാവും കാമറ നിരീക്ഷണം. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇവര്‍ക്കായി പരിശീലനം നടന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, 160 അക്ഷയ സംരംഭകര്‍, 42 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, അക്ഷയ ജില്ലാ ഓഫീസിലെ അഞ്ച് ഓഫീസര്‍മാര്‍, കണ്‍ട്രോള്‍ റൂം ചുമതലയുളള ഐ.ടി മിഷന്റെ ആറ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
125 പോളിങ് സ്റ്റേഷനുകളിലായി 159 പ്രശ്‌ന സാധ്യതാ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ അഞ്ച് മുതല്‍ വോട്ടെടുപ്പു നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ക്യാമറ നിരീക്ഷണത്തിനായി ജോലിയില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ പേര്‍ക്കും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവഴി അതാത് പോളിങ് സ്റ്റേഷനുകളില്‍ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
രാവിലെ മോക്ക് പോള്‍ അടക്കം ബൂത്തിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് നടപടികളും ലൈവായി വെബ്കാസ്റ്റ് ചെയ്യേണ്ടതെങ്ങനെയെന്ന് പരിശീലനപരിപാടിയില്‍ വിശദമാക്കി. ഏപ്രില്‍ 22നാണ് ട്രയല്‍ റണ്‍ നടക്കുക. പോളിങ് സ്റ്റേഷനില്‍ വോട്ടര്‍മാര്‍ പ്രവേശിക്കുന്നത് മുതല്‍ പോളിങ് ഓഫിസര്‍ വോട്ടറെ തിരിച്ചറിയുന്നതും വോട്ടര്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നതും ഉള്‍പ്പെടെയുള്ളവ പതിയുന്ന രീതിയില്‍ ക്യാമറ സ്ഥാപിക്കുക, തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ ചിത്രീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിശീലന പരിപാടിയില്‍ നല്‍കി. സെക്ടറല്‍ ഓഫിസര്‍മാര്‍ക്കാണ് ക്യാമറ ചിത്രീകരണത്തിനുള്ള മുഴുവന്‍ സൗകര്യങ്ങളും ഒരുക്കാനുള്ള ചുമതല. വൈദ്യുതി കണക്ഷന്‍ സുഗമമായി ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെ.എസ്.ഇ.ബി.ക്ക് നല്‍കിയിട്ടുണ്ടെന്ന് ഐ.ടി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ സംസ്ഥാന കോഡിനേറ്റര്‍ രാധാ മോഹന്‍, കെല്‍ട്രോണ്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ആര്‍ രാജേഷ്, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് റൂബിന്‍ റോയി, ഐ.കെ.എം ജില്ലാ ടെക്‌നിക്കല്‍ ഓഫിസര്‍ ശിവപ്രസാദ്, ഐടി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെറിന്‍ ബോബന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."