പ്രചാരണം അവസാനഘട്ടത്തിലേക്ക്; വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍. ചൂടിന്റെ കാഠിന്യത്തിലും പരമാവധി വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ഥികള്‍.
രാവിലെ ഇറങ്ങിയാല്‍ ഉച്ചവരെ സ്ഥാനാര്‍ഥികള്‍ക്ക് തിരക്കോട് തിരക്കാണ്. നട്ടുച്ച വെയിലില്‍നിന്നു അല്‍പമൊന്നു ആശ്വാസംകൊണ്ട് പിന്നെയും വോട്ടര്‍മാര്‍ക്കിടയിലേക്ക്. ഇതാണ് സ്ഥാനാര്‍ഥികളുടെ ഒരോ ദിവസങ്ങളും.
മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ മലപ്പുറം നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ എട്ടിനു ചെമ്മങ്കടവില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒറ്റത്തറ, പുളിയാട്ടുകുളം, വലിയാട്, ചോലക്കല്‍, മലപ്പുറം കുന്നുമ്മല്‍, കാളമ്പാടി തുടങ്ങീ 26 കേന്ദ്രങ്ങളിലെത്തി ഉച്ചയോടെ വോട്ടര്‍മാരെ കണ്ടു. വൈകിട്ട് റോഡ് ഷോകളിലായിരുന്നു.പക്കോട്ടൂര്‍ മൈലാടി, വെള്ളൂര്‍, മുസ്‌ലിയാര്‍ പീടിക, ന്യൂബസാര്‍, അറവങ്കര, പുല്ലാര, മൂച്ചിക്കല്‍, വെള്ളുവമ്പ്രം, താഴെമോങ്ങം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ റോഡ് ഷോകളില്‍ സംബന്ധിച്ചു.
മലപ്പുറം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനു ഇന്നലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. രാവിലെ എട്ടിന് ചേലേമ്പ്ര കൊളക്കുത്ത്‌നിന്നു തുടങ്ങി. വിവിധ ഇടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം കുന്നത്തുപറമ്പില്‍ സമാപിച്ചു. ഇന്ന് മലപ്പുറം നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും.
പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്നലെ തിരൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിലെ പുത്തനത്താണിയില്‍നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് വളവന്നൂര്‍, കല്‍പകഞ്ചേരി, വെട്ടം, തലക്കാട് എന്നീ പഞ്ചായത്തുകളിലും തിരൂര്‍ നഗരസഭയിലും പര്യടനം നടത്തി.
പി.വി അന്‍വര്‍ ഇന്നലെ തൃത്താല നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.
രാവിലെ എട്ടിനു വെള്ളിയാങ്കല്ലില്‍നിന്നു തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കണ്ട ശേഷം കൂറ്റനാട് സമാപിച്ചു. ഇന്ന് താനൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."