വിഷു ദിനത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ തീപിടിത്തം
കാഞ്ഞങ്ങാട്: വിഷു ദിനത്തിലും തലേന്നാളുമായി വിവിധ ഭാഗങ്ങളില്‍ ഏഴോളം സ്ഥലങ്ങളില്‍ വന്‍ തീപിടിത്തം. നീലേശ്വരം മെയിന്‍ ബസാറില്‍ ബദരിയ ഹോട്ടലിനു സമീപത്തെ ആക്രിക്കടയിലാണ് വിഷുദിനത്തില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായത്. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഏഴുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും സമയോചിതമായി ഇടപെട്ടതുകാരണം തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
വിഷു ദിനത്തില്‍ രാവിലെ നീലേശ്വരം ചിറപ്പുറം ആലിന്‍കീഴില്‍ ശ്രീനാരായണ മരമില്ലിന് തീപിടിച്ച് ഒന്നര ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായി. കാഞ്ഞങ്ങാട്ടുനിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മടിക്കൈ അമ്പലത്തുകരയിലും നീലേശ്വരം ബ്ലോക്ക് ഓഫിസ് പരിസരത്തും ചാമക്കുഴിയിലും മടിക്കൈ ചെമ്പിലോട്ടും പുല്ലിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് തത്സമയം കുതിച്ചെത്തി തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചെറുവത്തൂര്‍ ടൗണില്‍ പൂമാല ബില്‍ഡിങ്ങിനുസമീപം കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. സമീപം കൂട്ടിയിട്ടിരുന്ന പഴയ ടയറുകള്‍ക്കും തീപിടിച്ചു. നാട്ടുകാരും തൃക്കരിപ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."