അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവ്
എരുമേലി: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും. ആശാന്‍കോളനി പുതുപ്പുരയ്ക്കല്‍ മധുസൂദനനെയാണ് ജില്ലാ അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.പിഴ തുക അടയ്ക്കാത്തപക്ഷം പ്രതി ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
പിഴതുക കൊല്ലപ്പെട്ട നെജിയുടെ ഭാര്യക്ക് നഷ്ടപരിഹാരമായി നല്‍കാനും അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.എസ് ബിന്ദുകുമാരി ഉത്തരവിട്ടു. എരുമേലി ഇരുമ്പൂന്നിക്കര ആശാന്‍കോളനി പുത്തന്‍പീടികയില്‍ നെജി (42)യെയാണ് രണ്ടു വര്‍ഷം മുന്‍പ് ഇയാള്‍ കൊലപ്പെടുത്തിയത്.
തൊട്ടടുത്ത ദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ജൂലൈ 22 നായിരുന്നു സംഭവം. കൊല്ലപ്പെട്ട നെജിയുടെ വീടിന് ഭീഷണിയായി അതിരില്‍ നിന്നിരുന്ന പ്രതിയുടെ ആഞ്ഞിലിമരം വെട്ടുന്നതിനെ ചൊല്ലി തര്‍ക്കം പരിഹരിക്കപ്പെട്ടെങ്കിലും പിന്നീട് അടിപിടിയിലെത്തുകയായിരുന്നു. അടിപിടിക്കിടെ ഉണ്ടായ പരിക്കായിരുന്നു നെജിയുടെ മരണത്തിന് കാരണമായെന്ന് കോടതി വിലയിരുത്തി.
അന്നത്തെ മണിമല സി.ഐ അബ്ദുല്‍ റഹീം ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക്പ്രോസിക്യൂട്ടര്‍ സജയന് ജേക്കബ് ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."