മഴക്കാലപൂര്‍വ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മെയ് 15നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം
കോട്ടയം: റോഡ് നിര്‍മാണം, കുടിവെള്ളപൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, വെള്ളക്കെട്ട് പരിഹരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധഭാഗങ്ങില്‍ നടന്നുവരുന്ന മഴക്കാലപൂര്‍വ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മെയ് 15നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി, ഹൈവേ വിഭാഗം എന്നിവയുടെ കീഴില്‍ നടക്കുന്ന റോഡ് അറ്റകുറ്റപണി ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ വേഗത വര്‍ധിപ്പിക്കണമെന്ന് ഇന്നലെ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷണന്‍, ഡോ.എം ജയരാജ്, സി.കെ.ആശ എന്നിവര്‍ നിര്‍ദേശിച്ചു.
സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തിരമായി ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തണം. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകണം.
പ്രശ്‌ന പരിഹാരത്തിന് മേല്‍ അനുമതി തേടുന്നതിന് എടുക്കുന്ന സമയ ദൈര്‍ഘ്യം പദ്ധതി പൂര്‍ത്തീകരണത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴക്കാലത്ത് ഉണ്ടായേക്കാവുന്ന തടസങ്ങള്‍ മുന്‍കൂട്ടി കണ്ട് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കുടിവെള്ള ക്ഷാമം രൂക്ഷമായ 54 വില്ലേജുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 3718 ഇടങ്ങളില്‍ 2 കോടി 47 ലക്ഷത്തില്‍ പരം ലിറ്റര്‍ വെളളം ടാങ്കറുകളില്‍ വിതരണം ചെയ്തതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ സി.എ ലത പറഞ്ഞു.
കൃഷി നാശം സംഭവിച്ച 854.60 ഹെക്ടര്‍ പ്രദേശത്തെ 3258 കര്‍ഷകര്‍ക്കുണ്ടായ 3,97,29,582 രൂപയുടെയുടെയും വേനല്‍മഴയില്‍ നാശം സംഭവിച്ച 182 വീടുകള്‍ക്ക് 11,23,300 രൂപയുടെയും നാശനഷ്ട കണക്ക് സര്‍ക്കാരിന് സമര്‍പ്പിച്ചതായി കലക്ടര്‍ അറിയിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി പണിയുന്നതിന് 3.15 കോടി രൂപയുടെ പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 5570 വീടുകളില്‍ 5542 വീടുകള്‍ക്കും വൈദ്യൂതി കണക്ഷന്‍ നല്‍കി. സര്‍ക്കാര്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുളള കഴിഞ്ഞ വര്‍ഷത്തെ ഭരണ ഭാഷാ സേവന പുരസ്‌ക്കാര ജേതാവ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം.എം പ്രസാദിനുളള സത്‌സേവന പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ ചടങ്ങില്‍ സമ്മാനിച്ചു.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ നിര്‍മിച്ച തുണി സഞ്ചികളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ് ലതി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."