പെരിയാറില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു
പറവൂര്‍: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ പെരിയാറില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു. പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാറ്റിലും മഴയിലും പറവൂര്‍ താലൂക്കില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 254 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പുത്തന്‍വേലിക്കര വില്ലേജില്‍ മൂന്ന് വീടുകളും പറവൂര്‍ വില്ലേജില്‍ രണ്ട് വീടുകളും വടക്കേക്കരയില്‍ ഒന്നും ചേന്ദമംഗലത്ത് രണ്ടും വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ചൊവ്വാഴ്ച ദുരിതാശ്വാസ ക്യാംപുകള്‍ എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, വി.ഡി സതീശന്, കലക്ടര്‍ മുഹമ്മദ് കെ സഫീറുള്ള, തഹസില്‍ദാര്‍ എം.എച്ച് ഹരീഷ്, ഡെപ്യുട്ടി തഹസില്‍ദാര്‍ മധു എന്നിവര്‍ സന്ദര്‍ശിച്ചു. ക്യാംപില്‍ ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായുള്ള മഴയിലും വെള്ളക്കെട്ടിലും പറവൂര്‍ മേഖലയിലെ കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശം സംഭവിച്ചു. ഏറ്റവും അധികം നാശമുണ്ടായത് പുത്തന്‍വേലിക്കരയിലാണ്. മഴയ്ക്ക് പുറമെ ചാലക്കുടിയാറില്‍ നിന്നുള്ള ജലനിരപ്പും ഉയര്‍ന്നതോടെ കാര്‍ഷിക വിളകളും വെള്ളത്തിനടിയിലായി. ഓണം വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത പച്ചക്കറി കൃഷികളാണ് നശിച്ചത്. ഏത്തവാഴ, ചേന, കപ്പ, തുടങ്ങിയ കൃഷി തോട്ടങ്ങളും നാശത്തിന്റെ വക്കിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."