കരിപ്പൂരില്‍ വിമാനാപകടം: ലാന്‍ഡിംഗിനിടെ വിമാനം രണ്ടായി പിളര്‍ന്നു, നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
നിരവധി യാത്രക്കാര്‍ക്ക് പരുക്കുണ്ടെന്നാണ് കൊണ്ടോട്ടി സി.ഐ അറിയിക്കുന്നത്. വിമാനം നെടുകെ പിളര്‍ന്ന രൂപത്തിലാണ്. വിമാനത്തിലുള്ളവരെ രക്ഷപ്പെടുത്തികൊണ്ടിരിക്കുകയാണ്. മഴമൂലമുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വിമാനത്തില്‍നിന്ന് പുക ഉയരുന്നതായാണ് റിപ്പോര്‍ട്ട്. പരിസരത്ത് വലിയ ശബ്ദം അനുഭവപ്പെട്ടു. ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പൈലറ്റ് മരിച്ചതായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തയുമുണ്ട്.
പരുക്കേറ്റ 17 പേരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് പേരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേ സമയം പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പരിസരവാസികളിലൊളാരാള്‍ പറഞ്ഞു. വിമാനത്തിനകത്തുള്ളവരെയെല്ലാം പുറത്തെത്തിച്ചതായാണ് അറിയാന്‍ കഴിയുന്നത്.
ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."