ഡോക്കില്‍ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിച്ചു
അമ്പലപ്പുഴ: ഡോക്കില്‍ കുടുങ്ങിക്കിടന്ന രണ്ടു ജീവനക്കാരെ ഹെലിക്കോപ്ടര്‍ എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് കൊച്ചിയില്‍നിന്നെത്തിയ നാവികസേനയുടെ ഹെലിക്കോപ്ടര്‍ ഡോക്കിന്റെ മുകളില്‍ പറന്നെത്തി വടം ഉപയോഗിച്ചുള്ള കൊട്ടയില്‍ കയറ്റി ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഇന്തോനേഷ്യന്‍ സ്വദേശികളായ രണ്ടു ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ പിന്നീട് എമിഗ്രേഷന്‍ പരിശോധനയ്ക്കായി കൊച്ചിയില്‍ എത്തിച്ചു.
തിങ്കളാഴ്ച രാവിലെയാണ് നീര്‍ക്കുന്നം കടപ്പുറത്ത് കൂറ്റന്‍ ഡോക്ക് അടിഞ്ഞത്. മലേഷ്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി അബൂദബിയിലേക്കു പോയ ഡോക്കാണ് നിയന്ത്രണം തെറ്റിയെത്തിയത്. ഡോക്കിനെ ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയതാണ് അപകടത്തിനു കാരണമായത്. തുടര്‍ന്ന് പുറംകടലില്‍ ഒഴുകിനടന്ന ഇതു മണിക്കൂറുകള്‍ക്കുശേഷം നീര്‍ക്കുന്നം തീരത്ത് എത്തുകയായിരുന്നു.
ഡോക്കിനെ ബന്ധിപ്പിച്ചിരുന്ന കപ്പല്‍ ഏഴു ജീവനക്കാരുമായി പുറംകടലിലാണുള്ളത്. ചരക്കുകപ്പല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന് 1,246 ടണ്‍ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ഈ മാസം 21ന് അബൂദബിയിലെത്തേണ്ട ഡോക്കാണ് അപകടത്തില്‍പ്പെട്ട് നീര്‍ക്കുന്നം തീരത്തെത്തിയത്. കടല്‍ഭിത്തിയോടു ചേര്‍ന്നുകിടക്കുന്ന ഡോക്ക് ഇവിടെനിന്നു കൊണ്ടുപോകാനുള്ള ശ്രമം കപ്പല്‍ കമ്പനി അധികൃതര്‍ ആരംഭിച്ചു. എന്നാല്‍ ശക്തമായ കടലാക്രമണം ഇതിന് തടസമായിട്ടുണ്ട്. കൊല്ലത്തുനിന്നോ കൊച്ചിയില്‍നിന്നോ കപ്പലെത്തിച്ച് ഡോക്ക് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നോ നാളെയോ ഇത് എത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.
അതിനിടെ, കരക്കടിഞ്ഞ ഡോക്ക് കാണാനായി ഇതര ജില്ലകളില്‍നിന്നുവരെയായി ഇന്നലെയും ആയിരക്കണക്കിനു പേരാണ് എത്തിയത്. അമ്പലപ്പുഴ പൊലിസും തോട്ടപ്പള്ളി തീരദേശ പൊലിസും സ്ഥലത്ത് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ കൊച്ചിയില്‍നിന്ന് ഷിപ്പിങ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."