സി.പി.എമ്മിന് കൊലപാതക രാഷ്ട്രീയം വ്യവസായം: കെ.കെ രമ
തലശ്ശേരി: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം വ്യവസായം പോലെ മാറുകയാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. കൊലയാളികളെ സംരക്ഷിക്കുകയാണ് സി.പി.എം പാര്‍ട്ടി ചെയ്യുന്നത്. വ്യത്യസ്ത രാഷ്ട്രീയം പറഞ്ഞാല്‍ വകവരുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.
യു.ഡി.എഫ് അഭിഭാഷക സംഘം സംഘടിപ്പിച്ച ജനാധിപത്യ സദസ് തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൊലയാളി എന്നു പറഞ്ഞാല്‍ കേസ് കൊടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ട. ടി.പിയെ വധിച്ചപ്പോള്‍ എല്ലാ വേദനയും അനുഭവിച്ചവളാണ് ഞാന്‍. തനിക്കെതിരേ കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും കേസ് കൊടുത്തിട്ടുണ്ട്.
പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കണ്ണൂര്‍ ജില്ലയില്‍ 15 കൊലപാതകങ്ങളാണ് നടന്നത്. പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഒ.കെ വാസു രണ്ടു തവണയാണ് ദേവസ്വംബോര്‍ഡിന്റെ പ്രസിഡന്റായത്. സി.പി.എം ആത്മപരിശോധന നടത്തണമെന്ന് രമ പറഞ്ഞു. വടിവാള്‍ കൊണ്ടു നടക്കുന്ന രാഷ്ട്രീയം ഭയാനകമാണെന്ന് സാഹിത്യകാരന്‍ കെ.സി ഉമേഷ് ബാബു പറഞ്ഞു. ഫാസിസത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളും പാര്‍ലിമെന്റില്‍ ഉണ്ടാവാന്‍ പാടില്ല.
കൊലയാളികള്‍ക്ക് വീരപരിവേഷം കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ചെഗുവേരയുടെ പടമാണ് കൊലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ മുഖചിത്രമായി കൊടുക്കുന്നത്. അങ്ങേയറ്റം മനുഷ്യസ്‌നേഹിയായ ആളാണ് ചെഗുവേര.
പിണറായിയുടെ ഭരണത്തില്‍ മൂന്നോളം മാവോയിസ്റ്റുകളാണ് വധിക്കപ്പെട്ടത്. നാട്ടുരാജാക്കന്‍മാരെപ്പോലെ വടിവാള്‍കൊണ്ട് വോട്ടു ചോദിക്കാന്‍ നടക്കുന്ന രാഷ്ട്രീയം ഭികരമാണെന്നും ഉമേഷ് ബാബു പറഞ്ഞു. അഡ്വ. പി.വി സൈനുദ്ദീന്‍ അധ്യക്ഷനായി. കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍, ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എടയന്നൂര്‍, അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ്, അഭിഭാഷകരായ കെ. ശുഹൈബ്, ടി. ആസിഫ്അലി, സി.ജി അരുണ്‍, കെ.എ ലത്തീഫ്, കെ.സി രഘുനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."