കല്ലാര്‍ ഡാമില്‍ നിന്നും വെള്ളപ്പാച്ചില്‍; തൂവല്‍ ചപ്പാത്തിന്റെ ഒരു ഭാഗം തകര്‍ന്നു
നെടുങ്കണ്ടം: കല്ലാര്‍ ഡാം തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തൂവല്‍ ചപ്പാത്തിന്റെ ഒരു ഭാഗം തകര്‍ന്നു. താഗതം തടസപ്പെട്ടതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് ചപ്പാത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയത്.
കനത്ത മഴ നെടുങ്കണ്ടം മേഖലയില്‍ വന്‍ നാശങ്ങളാണ് വിതച്ചിരിക്കുന്നത്. തൂവല്‍ ഈട്ടിത്തോപ്പ് റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിലാണ് റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്തത്. ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്നലെ മാത്രം15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതുവരെ 40 വീടുകളാണ് താലൂക്കില്‍ തകര്‍ന്നത്. മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഉടുമ്പന്‍ചോലയില്‍ മേട്ടയില്‍ ഭഗത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മൂന്ന് വീട്ടുകാരെ പാറത്തോട് ഗവ ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് മാറ്റി പാര്‍പ്പിച്ചു. തൂക്കുപാലം ചോറ്റുപാറയില്‍ പാലത്തിന്റെ കല്‍ക്കെട്ടിനു വിള്ളല്‍ രൂപപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാലത്തിന്റെ കെട്ടിലാണ് വിള്ളല്‍ രൂപപ്പെട്ടത്. സമീപകാലത്ത് രൂപപ്പെട്ട വിള്ളല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വലുതായതോടെ പ്രതിസന്ധി രൂക്ഷമായി. പാലത്തിന്റെ അപകടവസ്ഥ പ്രദേശവാസികള്‍ നേരെത്ത തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
തൂക്കുപാലം ചോറ്റുപാറയില്‍ നെടുങ്കണ്ടം ഉമ്മാക്കടയില്‍ ജലസംഭരണി അപകടവസ്ഥയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലങ്ങളും മഴ നിലയ്ക്കാത്തിനാല്‍ അപകട ഭീതിയിലാണ്.ഇന്നലെ മേഖലയില്‍ മഴ കുറഞ്ഞതിനാല്‍ കല്ലാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."