ജലനിരപ്പ് 24 അടികൂടി ഉയര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും: ഇതിന് മുമ്പ് അണക്കെട്ട് തുറന്നത് 1981 ലും 1992 ലും
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഇടുക്കി അണക്കെട്ട് നിറയുന്നു. ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 2377.2 അടിയാണ്. അതായത് 24 അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി വരും. കാലവര്‍ഷം ഇതുപോലെ തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ചരിത്രത്തില്‍ മൂന്നാം വട്ടം ഉയര്‍ത്തേണ്ടി വരും. 2403 അടിയാണ് പൂര്‍ണ്ണ സംഭരണശേഷിയെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി 2401 അടി പിന്നിടുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തും.
1976 ല്‍ കമ്മിഷന്‍ ചെയ്ത ഇടുക്കി അണക്കെട്ട് തുറന്നുവിട്ടിട്ടുള്ളത് രണ്ടുവട്ടം മാത്രം. 1981 ഒക്‌ടോബര്‍ 22 നും 1992 ഒക്‌ടോബര്‍ 11 നുമാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. 2005 ല്‍ ജലനിരപ്പ് 2400 അടി വരെയും 2007 ലും 2013 ലും 2401.7 അടി വരെയും ജലനിരപ്പ് എത്തിയിരുന്നു. എന്നാല്‍ മഴ കുറഞ്ഞതും വൈദ്യുതി ഉത്പ്പാദനം ഉയര്‍ത്തി ജലനിരപ്പു താഴ്ത്താന്‍ കഴിഞ്ഞതും ഡാം തുറന്നുവിടേണ്ട സാഹചര്യം ഒഴിവാക്കാന്‍ സഹായകരമായി. എന്നാല്‍ ഇക്കുറി കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ജലനിരപ്പ് കുതിക്കുന്നത്. ഇതിന് മുമ്പ് ജലനിരപ്പ് 2400 ല്‍ എത്തിയതെല്ലാം മണ്‍സൂണിന്റെ രണ്ടാം പാതിയിലായിരുന്നു. കഴിഞ്ഞ 10 ദിവസം കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 21 അടിയാണ് ഉയര്‍ന്നത്. ഇന്നലെ മാത്രം അഞ്ചടിയോളം ജലനിരപ്പ് ഉയര്‍ന്നു. ഇപ്പോള്‍ ശേഷിയുടെ 70 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. മണ്‍സൂണിന്റെ ആദ്യഭാഗം ഇത്രയും ജലനിരപ്പ് ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. 1985 ജൂലൈ 17 ലെ 2374.1 എന്ന റെക്കോര്‍ഡ് മറി കടന്നാണ് ജലശേഖരം കുതിക്കുന്നത്. 2017 ഇതേ ദിവസത്തേക്കാള്‍ 50.1 ശതമാനം വെള്ളം നിലവില്‍ അധികമുണ്ട്.
ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി , കുളമാവ് ഡാമുകള്‍ എന്നിവ ചേര്‍ന്നതാണ് ഇടുക്കി പദ്ധതി. ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യമെങ്കില്‍ തുറക്കുന്നത്.
5 ഷട്ടറുകളാണ് ചെറുതോണി ഡാമിനുള്ളത്. ഇതിന് ഒരോന്നിനും 40 അടി നീളവും 60 അടി ഉയരവുമുണ്ട്. ഒരു ഷട്ടര്‍ രണ്ടടി ഉയര്‍ത്തിയാല്‍ സെക്കന്റില്‍ 1200 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകള്‍ ഒന്നൊന്നായി പ്രത്യേകം പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമുണ്ട്.
ഒടുവില്‍ തുറന്ന 92 ല്‍ ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ രണ്ട് സെന്റീമീറ്ററോളമാണ് ആദ്യം ഉയര്‍ത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നത് കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."