HOME
DETAILS

ഇത്ര ധൃതി വേണമായിരുന്നോ...?

  
backup
August 08 2020 | 02:08 AM

s-sreekanth-876720-2020

 

സുപ്രഭാതം തിരുവനന്തപുരം ബ്യൂറോയുടെ ചുമതലയില്‍ ഞാനുണ്ടായിരുന്ന കാലം. അന്നത്തെ ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ ജോലി വിട്ട് ഒരു കോഴ്‌സിനു പോകുന്ന കാര്യം അറിയിച്ചു. തലസ്ഥാന ബ്യൂറോയില്‍ ഫോട്ടോഗ്രാഫറില്ലാത്ത ഒരു ദിവസം പോലും ആലോചിക്കാനാവില്ല. ഹെഡ് ഓഫിസില്‍ വിവരമറിയിച്ചപ്പോള്‍ അവിടെ തന്നെ ഒരാളെ കണ്ടെത്താന്‍ മാനേജിങ് എഡിറ്ററുടെ നിര്‍ദേശം. അതിനുള്ള ശ്രമം തുടങ്ങിയ ദിവസം തന്നെ മംഗളം ഫോട്ടോ എഡിറ്ററായിരുന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ബി.എസ് പ്രസന്നനെ പ്രസ്‌ക്ലബ് മുറ്റത്തു കണ്ടു.


'ഞങ്ങളുടെ ഓഫിസില്‍ ഒരു പയ്യനുണ്ട്. ശ്രീകാന്ത്. വലിയ ഉത്സാഹിയാണ്. നമ്മള്‍ എന്തു കാര്യം പറഞ്ഞാലും അതിന് ഓടിപ്പോകും. നിങ്ങള്‍ക്ക് ഒരു ദോഷവും പറയാനുണ്ടാവില്ല. അവിടെ സ്ഥിതി അത്ര മെച്ചമല്ല. ഒന്നുമില്ലെങ്കിലും നിങ്ങളുടെ അവിടെ ഉള്ളത് ഒരു കൃത്യദിവസം കിട്ടുമല്ലോ. അതുതന്നെ വലിയൊരു കാര്യമല്ലെടേയ് '- ആളെ ആവശ്യമുള്ള വിവരം നേരത്തെ അറിഞ്ഞിരുന്ന പ്രസന്നണ്ണന്‍ പറഞ്ഞു.
വൈകുന്നേരം മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ഹാരിസ് കുറ്റിപ്പുറത്തെയും ഗോപന്‍ കൃഷ്ണയെയുമൊക്കെ കണ്ടു. അവരും പറഞ്ഞു: 'മിടുക്കനാണ്. ധൈര്യത്തോടെ പണി ഏല്‍പിക്കാം'.


തലസ്ഥാനത്തെ ഒരു യുവ ഫോട്ടോഗ്രാഫറെക്കുറിച്ച് ഇവരൊക്കെ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ മറ്റൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും സര്‍ട്ടിഫിക്കറ്റുകളുമായി ശ്രീകാന്ത് ഓഫിസില്‍ വന്നപ്പോള്‍ നടപടിക്രമമെന്ന നിലയില്‍ അതു വാങ്ങിനോക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫോട്ടോഗ്രാഫി കോഴ്‌സ് പാസായിട്ടുണ്ട്. പ്രഗത്ഭരുടെ ശിക്ഷണത്തിലാണ് ആ കോഴ്‌സ് നടക്കുന്നതെന്നറിയാം. ഹെഡ് ഓഫിസില്‍ വിവരമറിയിച്ചു. അങ്ങനെ അവന്‍ സുപ്രഭാതത്തിലെത്തി.
വന്നുകയറിയതു മുതല്‍ ഞാനവനെ ശ്രദ്ധിച്ചിരുന്നു. ധൃതിയും പ്രസരിപ്പും ജിജ്ഞാസയും സഹജഭാവങ്ങള്‍. കണ്ണുകളില്‍ ആ പ്രസരിപ്പ് കാമറാ ലെന്‍സിനെ തോല്‍പിച്ച് മിന്നുന്നു. ആകെ കണ്ടൊരു തകരാറ് പരിധികടന്നോ എന്നു തോന്നുന്ന തരത്തിലുള്ള നിഷ്‌കളങ്കമായ അതിവിനയം.


നേരവും കാലവും നോക്കാതെ കാമറയുമായി ധൃതിപിടിച്ച് ഓടിനടക്കുകയായിരുന്നു അവന്‍. നട്ടപ്പാതിരിയ്ക്കായാലും പുലര്‍ച്ചെയായാലും ഒരു വിവരമറിയിച്ചാല്‍ അവന്‍ എത്തേണ്ടിടത്ത് പറന്നെത്തും. പലപ്പോഴും വിളിക്കുന്നതിനു മുമ്പു തന്നെ അവന്‍ വിവരമറിഞ്ഞു പുറപ്പെട്ടിട്ടുണ്ടാകും. മികച്ച ചിത്രങ്ങളുമായി മടങ്ങിവരാന്‍.
സാവധാനം നടക്കാന്‍ പോലുമറിയാത്ത തരത്തിലുള്ള ധൃതി അവനോടൊപ്പം എന്നുമുണ്ടായിരുന്നു. പടമെടുത്ത് ഓഫിസിലെത്തി അതയയ്ക്കാന്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുമ്പോഴും ധൃതി അവനെ വലയംചെയ്തിരുന്നു. ഒരു മാത്രയുടെ ചെറിയൊരംശത്തിനപ്പുറം നീളുന്നവയായിരിക്കില്ല വാര്‍ത്താചിത്രങ്ങള്‍. അതു പകര്‍ത്തണമെങ്കില്‍ മിന്നല്‍ വേഗത്തില്‍ മനസും കൈകളും ചലിക്കണം. അതിനായി ഭൂമിയില്‍ പിറന്നുവീണവന്‍ ഇങ്ങനെയായിപ്പോകുന്നതില്‍ അത്ഭുതമില്ലല്ലോ.


സാര്‍ വിളി തിരുവനന്തപുരത്ത് പൊതുവെ സുലഭമാണ്. എനിക്കത് എന്നും അസുഖകരമായി തോന്നിയതിനാല്‍ അടുപ്പമുള്ള മറ്റു പലരോടുമെന്നപോലെ അവനോടും ഞാനതു പറഞ്ഞു. അങ്ങനെ തലസ്ഥാനത്തെ മറ്റു നിരവധി ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകര്‍ക്കെന്നപോലെ അവനും ഞാന്‍ മജീദണ്ണനായി. അവന്‍ വന്ന് മാസങ്ങള്‍ക്കകം ഞാനറിഞ്ഞു. ഞാന്‍ മാത്രമല്ല സുപ്രഭാതം കുടുംബത്തിലെ എല്ലാവരും അവന് സഹോദരങ്ങളായി മാറിയിട്ടുണ്ട്. യുവജനോത്സവങ്ങളടക്കം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഓടിനടന്ന് പടമെടുത്തും സഹജീവികളെ ഉള്ളുതുറന്ന് സ്‌നേഹിച്ചും അവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു.


ഒരാഴ്ച മുമ്പ് രാത്രിയിലുണ്ടായ അപകട വാര്‍ത്ത നടുക്കത്തോടെ അറിഞ്ഞതു മുതല്‍ കണ്ണീരോടെ അവന്റെ ഓരോ ഹൃയമിടിപ്പുമറിയാന്‍ കാത്തിരിക്കുകയായിരുന്നു ആ കുടുംബം. ആശുപത്രിയിലും മറ്റുമായി വിളിപ്പാടകലെ അവന്റെ തിരിച്ചുവരവിന് കണ്ണുനട്ട് കാത്തിരുന്ന തിരുവനന്തപുരം ബ്യൂറോയിലെ സഹപ്രവര്‍ത്തകരിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇടതടവില്ലാതെ ഫോണ്‍കോളുകള്‍ പറന്നു. നാലുപേര്‍ക്ക് ഒരു യോഗം ചേരാന്‍ പോലും നിവൃത്തിയില്ലാത്ത ഈ സമയത്ത് അതിവേഗം അവര്‍ അവനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തുതുടങ്ങി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാനേജ്‌മെന്റുമുണ്ടായിരുന്നു കണ്ണിമയ്ക്കാതെ കൂടെ. ചികിത്സയില്‍ അവനൊരു കുറവും സംഭവിക്കാതിരിക്കാന്‍ വേണ്ടതു സമാഹരിച്ചു. ഒരുപാടാളുകള്‍ മനമുരുകി പ്രാര്‍ഥിച്ചു. അങ്ങനെ മനുഷ്യസാധ്യമായതെല്ലാം ചെയ്തു. കൂടാതെ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തക ലോകമാകെ തന്നെയും കാത്തിരിക്കുകയായിരുന്നു, കാമറ കഴുത്തില്‍ തൂക്കി അവന്‍ ധൃതിപിടിച്ച് ഓടിവരുന്നതു കാണാന്‍.
എല്ലാം വിഫലമായി. എല്ലാവരെയും കണ്ണീരണിയിച്ചുകൊണ്ട് അവന്‍ പോയി. ഇളംപ്രായത്തില്‍ തന്നെ. മനുഷ്യജീവിതം ഇങ്ങനെയൊക്കെയാണെന്ന് സമാധാനിക്കുമ്പോഴും അവന്റെ സഹോദരങ്ങള്‍ക്ക് അവനോടു ചോദിക്കാതിരിക്കാനാവുന്നില്ല, ഇത്ര ധൃതി വേണമായിരുന്നോ ജീവിതം ജീവിച്ചുതീര്‍ക്കാന്‍?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  7 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  36 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago