പേരൂരില്‍ ദുരിതാശ്വാസ ക്യാംപും വെള്ളത്തിനടിയില്‍; പ്രളയബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു
ഏറ്റുമാനൂര്‍: മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ പേരൂര്‍, പുന്നത്തുറ, മാടപ്പാട്, കട്ടച്ചിറ, നീറിക്കാട്, ആറുമാനൂര്‍, തിരുവഞ്ചൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അയ്യായിരത്തിലധികം വീടുകളില്‍ വെള്ളം കയറി.
പേരൂരില്‍ പല വീടുകളിലും കഴുത്തിന് മുകളില്‍ വെള്ളമെത്തി. ഇഴജന്തുക്കളുടെ ഭീഷണിയും കാര്യമായുണ്ടായിരുന്നു. രണ്ട് ദിവസമായി വൈദ്യുതി ബന്ധവും വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും ദ്രുതകര്‍മ്മസേനയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വെള്ളം ഏറെ ഭീഷണി ഉയര്‍ത്തിയ പേരൂര്‍ പൂവത്തുംമൂട്. തിരുവഞ്ചൂര്‍ ഭാഗങ്ങളിലും ദുരിതാശ്വാസകേന്ദ്രങ്ങളിലും മന്ത്രി കെ.രാജു സന്ദര്‍ശനം നടത്തി.പേരൂരില്‍ മാത്രം എഴുന്നൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായതായാണ് പ്രാഥമികകണക്കുകള്‍. കൗണ്‍സിലര്‍മാര്‍ അറിയിച്ചതനുസരിച്ച് കഴിഞ്ഞ രാത്രിയില്‍ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാതെ പോയത് മൂലം കാര്യമായ രക്ഷാപ്രവര്‍ത്തനം നടന്നില്ല. രാത്രി പത്ത് മണി മുതല്‍ വെളുപ്പിനെ വരെ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പതിനേഴ് കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിക്കാനായി. പാലായില്‍ അകപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയ ശേഷമാണ് സേന പേരൂരില്‍ എത്തിയത്.
പായിക്കാട്, തുരുത്തേല്‍ ഭാഗത്തുള്ളവര്‍ വെള്ളത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷം ദ്രുതകര്‍മ്മസേന രക്ഷാപ്രവര്‍ത്തനത്തിനെത്തി. അപ്പോഴേക്കും പല കുടുംബങ്ങളും നീന്തിയും മറ്റും സ്ഥലത്തുനിന്നും പാലായനം ചെയ്തിരുന്നു. ഇരുപതിലധികം കുടുംബങ്ങളെ സേന രക്ഷപെടുത്തി.
ദുരിതാശ്വാസക്യാമ്പ് ആരംഭിച്ച പേരൂര്‍ സൗത്ത് ഗവ.എല്‍.പി.സ്‌കൂളും വെള്ളത്തിനടിയിലായി. തുടര്‍ന്ന് ഇവിടുണ്ടായിരുന്നവരെ തിരുവഞ്ചൂര്‍ ഗവ.എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. പേരൂര്‍ ജെബിഎല്‍പി സ്‌കൂളിലും തെള്ളകം സെന്റ് മേരീസ് എല്‍ പി സ്‌കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നൂറിലധികം ആളുകളാണ് ഇപ്പോഴുള്ളത്.
നട്ടാശേരി പുത്തേട്ട് ഭാഗങ്ങളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രായമായവരെ വഞ്ചികളില്‍ കരകളിലെത്തിച്ചു. പുത്തേട്ട് സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു. അതിരമ്പുഴ ചന്തയില്‍ കനാലുകള്‍ കരകവിഞ്ഞത് വ്യാപാരികളെ ദുരിതത്തിലാക്കി. റേഷന്‍ കടയിലുള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. നീണ്ടൂരില്‍ കനത്ത കൃഷിനാശം. മുടക്കാലി ഉള്‍പ്പെടെ പാടശേഖരങ്ങളില്‍ മട വീണ് 365 ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി. സ്വകാര്യ വ്യക്തിയുടെ ഫാമിനു ചുറ്റുമുള്ള തോടുകള്‍ കരകവിഞ്ഞ് കോടിക്കണക്കിന് രൂപയുടെ മത്സ്യസമ്പത്ത് നഷ്ടപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."