മോദി ദരിദ്രകുടുംബത്തിലെ അംഗമായതിനാല്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകുമെന്ന് പീയൂഷ് ഗോയല്‍
കായംകുളം: ഈ തെരെഞ്ഞെടുപ്പു കഴിയുമ്പോള്‍ സി.പി.എം ബംഗാളിലെയും തൃപുരയിലെയും പോലെ തകര്‍ന്നടിയുമെന്ന് കേന്ദ്ര റെയില്‍വേ, ഖനി മന്ത്രി പീയൂഷ് ഗോയല്‍. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ: കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കായംകുളത്ത് പാര്‍ക്ക് മൈതാനിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരേ തൂവല്‍ പക്ഷികളാണ്.
കോണ്‍ഗ്രസ്സും സി.പി.എമ്മും കേരളം മാറി മാറി ഭരിച്ചിട്ടും ഒരു വികസന നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കെ.സി വേണുഗോപാല്‍ ആലപ്പുഴയുടെ എം.പി യായി ഇരുന്നിട്ടും ആലപ്പുഴ ബൈപ്പാസ് ഇതുവരെയും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. കൊല്ലം ബൈപാസ് പൂര്‍ത്തീകരിച്ചത് ബി.ജെ.പി സര്‍ക്കാരാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ് എവിടെ മത്സരിക്കണമെന്ന് അറിയാതെ ഓടിക്കളിക്കുകയാണ്. സ്മൃതി ഇറാനിക്കു മുന്‍പില്‍ അദ്ദേഹം അടിയറവ് പറഞ്ഞു. രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്വീകരിക്കില്ല. കേരള ജനത ഇടത്, വലത് കക്ഷികളെ മടുത്തിരിക്കുകയാണ്. അഴിമതിയില്‍ ഇടത് വലത് കക്ഷികള്‍ ഒരു പോലെയാണ്. സോളാര്‍, ഐസ്‌ക്രീം, ഭൂമാഫിയ തുടങ്ങിയ കേസുകളില്‍പ്പെട്ട ഇക്കൂട്ടരെ മോദി അധികാരത്തില്‍ വന്നാല്‍ അഴികള്‍ക്കുള്ളിലാക്കും. വിശ്വാസത്തേയും ആചാരത്തേയും അവഗണിച്ചതിലൂടെ കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് നരേന്ദ്ര മോദി ദരിദ്രകുടുംബത്തില്‍ നിന്നും വന്ന വ്യക്തിയായതിനാല്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകും.
ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുകൂട്ടരും ശ്രമിക്കുകയാണ്. കേരളത്തിന്റെ പാരമ്പര്യത്തെ ഇടത്, വലത് കക്ഷികള്‍ തകര്‍ക്കുന്നു. കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.എം കൊന്നൊടുക്കി കൊണ്ട് ഉന്മൂലന സിദ്ധാന്തം നടപ്പാക്കാന്‍ ശ്രമിക്കുന്നു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.എ വെങ്കിടേശ് അധ്യക്ഷത വഹിച്ചു. വൈ. സത്യകുമാര്‍, അഡ്വ. ജയസൂര്യ, കൊട്ടാരം സത്യദേവ് ,അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കെ.സോമന്‍, ഡി.അശ്വിനി ദേവ്, പാലമുറ്റത്തു വിജയകുമാര്‍, മീത്തില്‍ ബിജു, പാറയില്‍ രാധാകൃഷ്ണന്‍, രാജേഷ് ഉണ്ണിച്ചേത്ത്, സതീശന്‍, രമേശ് കൊച്ചുമുറി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."