രക്ഷാദൗത്യം വലിയ തുണയായി, കണ്ടെയ്ന്‍മെന്റ് സോണിലേക്കും കുതിച്ചെത്തി നാട്ടുകാരുടെ സഹായഹസ്തം
കോഴിക്കോട്: വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്നിട്ടും രക്ഷാദൗത്യത്തിന് കുതിച്ചെത്തിയത് നാട്ടുകാര്‍. വിമാനം നിലം പതിച്ചത് എയര്‍പോര്‍ട്ടിനു പുറത്തായതുകൊണ്ടും നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനായി. എയര്‍പോര്‍ട്ടിനകത്തായിരുന്നു ദുരന്തമെങ്കില്‍ പൊതുജനങ്ങള്‍ക്ക് അകത്തേക്കു പ്രവേശിക്കാനാവില്ല.
വിമാനത്താവളം അടങ്ങുന്ന പ്രദേശത്തെ നാട്ടുകാരുടെ സഹകരണത്തെ എല്ലാവരും പ്രശംസിക്കുകയാണ്. മലപ്പുറത്തിന്റെ മഹത് മാതൃകയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
കണ്ടെയ്ന്‍മെന്റ് സോണിലാണ് വിമാനത്താവളവും പരിസര പ്രദേശവും. എന്നിട്ടും വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തി. വിദേശത്ത് നിന്ന് എത്തിയവരാണ്. കോവിഡ് ബാധിതരായിരുന്നിരിക്കാം ഒരുപക്ഷേ അപകടം പറ്റിയ വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ അതൊന്നും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല.
വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. കോരിച്ചൊരിയുന്ന മഴയും ഇരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിക്കാനായി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും നാടാകെ പരന്നു. രാത്രി വൈകിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി ആളുകള്‍ തയാറായി.
ആദ്യ ഘട്ടം മുതല്‍ വിമാനത്താവളത്തിനുള്ളില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ സജീവമായി. ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാമായി പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. വിമാനത്താവളത്തില്‍ നൂറ്റമ്പതോളം ടാക്സി ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."