വീണാ ജോര്‍ജിനെതിരേ ഏഷ്യാനെറ്റ്: സര്‍വേ സംഘ് പരിവാര്‍ തിരക്കഥയെന്ന ആരോപണത്തിന് മാത്രം മറുപടിയില്ല
തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലിനെതിരേ രംഗത്തുവന്ന എല്‍.ഡി.എഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെതിരേ ചാനല്‍ അവതാരകന്‍ രംഗത്തെത്തി.
ന്യൂസ് അവറിലാണ് അവതാരകന്‍ വിനു വി.ജോണ്‍ വീണാജോര്‍ജ് പറയുന്നത് പച്ചക്കള്ളമാണെന്ന വാദവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുളയില്‍ താന്‍ തോല്‍ക്കുമെന്ന് ഏഷ്യാനെറ്റ് സര്‍വേയില്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ജനം വിധിയെഴുതിയത് മറിച്ചല്ലേ എന്നുമായിരുന്നു വീണാജോര്‍ജ് അടൂരില്‍ പ്രചാരണത്തിനിടെ ചോദിച്ചത്.
എന്നാല്‍ ഏഷ്യാനെറ്റ് അത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് അന്നത്തെ സര്‍വേ സംബന്ധിച്ച വാര്‍ത്ത പ്രക്ഷേപണം ചെയ്താണ് അവതാരകന്‍ മറുപടി നല്‍കിയത്. ഇത്തവണ ഇലക്ഷന്‍ സര്‍വേ സംഘ് പരിവാര്‍ തിരക്കഥയാണെന്നും സംഘ് പരിവാറിനുവേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു അതിന് നേതൃത്വം നല്‍കിയതെന്നുമുള്ള വീണജോര്‍ജിന്റെ ആരോപണത്തിന് അവതാരകന്‍ മറുപടി നല്‍കിയതുമില്ല.
കഴിഞ്ഞ ദിവസമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജ് ഏഷ്യാനെറ്റിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ആറന്മുള നിയോജകമണ്ഡലത്തില്‍ എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും തന്നെ പരാജയപ്പെടുത്തിയവരാണ് ഏഷ്യാനെറ്റെന്നും എന്നിട്ട് എന്തു സംഭവിച്ചെന്നുമായിരുന്നു വീണയുടെ ചോദ്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 'എ ടു ഇസഡ്'ഏജന്‍സിയുമായി സഹകരിച്ചായിരുന്നു ഏഷ്യാനെറ്റ് ഇത്തവണ ഇലക്ഷന്‍ സര്‍വേ നടത്തിയത്. ഈ ഏജന്‍സിയുടെ സിഇഒ 2014 ല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഉണ്ടായിരുന്ന വ്യക്തിയായിരുന്നുവെന്ന് വീണാജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനും ചാനല്‍ പ്രതികരിച്ചില്ല.
വീണ ജോര്‍ജ് പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്കു തള്ളിപ്പോകുമെന്നും ബി.ജെ.പി രണ്ടാമതെത്തുമെന്നുമായിരുന്നു സര്‍വേയിലെ ഫലം.
ഇത് കേരളമാണ്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി യുപിയിലും മറ്റ് സ്വകാര്യ ചാനലുകള്‍ നടത്തിയ സഹായം ആവര്‍ത്തിക്കാന്‍ ഇത് ഉത്തര്‍പ്രദേശല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പോരാട്ട വീര്യം ഏഷ്യാനെറ്റിന് അറിയില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
എന്നാല്‍ ചാനല്‍ ചര്‍ച്ചക്കിടെ വീണാജോര്‍ജ് പറഞ്ഞത് അസത്യമാണെന്ന വാര്‍ത്തയോട് വീണാ ജോര്‍ജിനെ കുറ്റപ്പെടുത്തിയാണ് രാഷ്ട്രീയ നിരീക്ഷകനായ എ. ജയശങ്കര്‍ പ്രതികരിച്ചത്.
ആറ് ദിവസം മുന്‍പ് ഏഷ്യാനെറ്റിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തന്നോടൊപ്പം തുറന്ന വാഹനത്തില്‍ പ്രചാരണ സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു. മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ താനാണ് എന്നാണ് അവര്‍ പറഞ്ഞത്. ഇവിടെ ആകെ രണ്ട് സ്ഥാനാര്‍ഥികളെ ഉള്ളൂ. മൂന്നാമത് സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ആറ് ദിവസത്തിനുള്ളിലാണ് സര്‍വേ പുറത്തുവിട്ടതെന്നും അപ്പോള്‍ മൂന്നാമത് ഉള്ള സ്ഥാനാര്‍ഥിയെ ഒന്നാമതാക്കിയായിരുന്നു സര്‍വേ എന്നും വീണാജോര്‍ജ് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."