ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടങ്ങളില്‍ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുവെങ്കിലും ഇന്നലെ രാവിലെ മുതലാണു കൂടുതല്‍ ശക്തമായത്. ഏറെ വര്‍ഷങ്ങള്‍ക്കിടെ അനുഭപ്പെട്ടതില്‍ കൂടുതല്‍ രൂക്ഷമായിരുന്നു ഇന്നലത്തേതെന്നു നാട്ടുകാര്‍ പറഞ്ഞു. ഒട്ടേറെ തെങ്ങുകള്‍ കടപുഴകി. തീരദേശത്തെ വീടുകള്‍ക്കും ഷെഡുകള്‍ക്കും മറ്റും നാശനഷ്ടമുണ്ട്. നല്ലാണിക്കല്‍ കള്ളിക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിനു സമീപഭാഗങ്ങള്‍, വട്ടച്ചാല്‍, രാമഞ്ചേരി, വലിയഴിക്കല്‍, തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കൂടുതല്‍ രൂക്ഷം. പലയിടത്തും റോഡ് കവിഞ്ഞു കടല്‍വെള്ളം കിഴക്കോട്ട് ഒഴുകി.
രാവിലെ തുടങ്ങിയ കടല്‍ക്ഷോഭം വൈകിട്ടും തുടരുകയാണ്. കര കവരുന്ന കടലായിരുന്നു ആദ്യം അനുഭവപ്പെട്ടത്. തുടര്‍ന്നായിരുന്നു തീരത്തേയ്ക്കു തിരമാലകള്‍ ഇരച്ചുകയറി തുടങ്ങിയത്. നല്ലാണിക്കല്‍ ഭാഗത്തും സമീപഭാഗങ്ങളിലും ഏറെ തീരം നഷ്ടമായിട്ടുണ്ട്. ഇവിടങ്ങളില്‍ മിക്ക ഭാഗങ്ങളിലും കടല്‍ഭിത്തിയില്ല.
നാല്‍പതു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇവിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മിച്ചത്. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ പോലും നടത്തിയില്ല. പഴയ കടല്‍ഭിത്തിയുടെ കല്ലുകള്‍ പോലും ഇപ്പോള്‍ തീരത്തു കാണാനില്ല. രാമഞ്ചേരി, വട്ടച്ചാല്‍, പെരുമ്പള്ളി തുടങ്ങിയ ഭാഗങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. തീരത്തു കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുവെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ രോഷാകുലരാണ്. തൃക്കുന്നപ്പുഴ ജങ്ഷനു തെക്ക് ഗാര്‍ബിയോണ്‍ വലകള്‍ ഉപയോഗിച്ചു സ്ഥാപിച്ച കടല്‍ഭിത്തിയും തകര്‍ന്ന നിലയിലാണ്.
കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു. കല്ലുകള്‍ ചിതറി കിടക്കുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരപ്രദേശത്തു പല ഭാഗങ്ങളിലായി നിര്‍മിച്ച പുലിമുട്ടുകളും തകര്‍ന്നു തുടങ്ങി. ചില പുലിമുട്ടുകള്‍ തീരവുമായി ബന്ധം വേര്‍പെടുമെന്ന നിലയിലാണ്. തീരത്തെ മണല്‍ കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോയതാണ് ഈ സാഹചര്യത്തിന് ഇടയാക്കിയത്. തൃക്കുന്നപ്പുഴ ജങ്ഷന്‍ മുതല്‍ വടക്കോട്ട് ഒട്ടേറെ വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു. തീരത്തോടു ചേര്‍ന്ന് റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള വീടുകളാണ്. ഇവിടങ്ങളിലും കടല്‍ക്ഷോഭത്തില്‍ ഇന്നലെ തിരമാലകള്‍ ഇരച്ചുകയറി. പല ഭാഗങ്ങളിലും കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്. പാനൂര്‍, പല്ലന, തൃക്കുന്നപ്പുഴ ജങ്ഷനു പടിഞ്ഞാറ് തുടങ്ങിയ ഭാഗങ്ങളിലും കടല്‍ക്ഷോഭം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."