കേരളം നെഞ്ചേറ്റിയ പിഞ്ചോമനയെ അധിക്ഷേപിച്ച വര്‍ഗീയവാദിക്കെതിരേ കേസെടുത്തു
അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസ്
തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയക്കായി ആംബുലന്‍സില്‍ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂര്‍കൊണ്ട് കൊച്ചിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ 'ജിഹാദിയുടെ വിത്ത് ' എന്നുപറഞ്ഞ് അധിക്ഷേപിച്ച കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരത്തിനെതിരേ പൊലിസ് കേസെടുത്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം കൊച്ചി സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. മതസ്പര്‍ധക്കിടയാക്കും വിധം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു രാഷ്ട്ര സേവകനാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ പോസ്റ്റിട്ടിരുന്നത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പിഞ്ചോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാതെ കേരളം ഒറ്റക്കെട്ടായാണ് വഴിയൊരുക്കിയത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമെല്ലാം കൈകോര്‍ത്തിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. 'കെ.എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ് ' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ് ' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ടു. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ത്തിയവരുണ്ട്.
സമാന സംഭവങ്ങളില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശങ്ങളും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും സംസ്ഥാനത്ത് ഇതാദ്യമായല്ല. നേരത്തെ കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിനെതിരേ എസ.്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമാനമായ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. നൗഷാദ് മുസ്‌ലിം ആയതുകൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്ന് സമത്വ മുന്നേറ്റ യാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തിനിടെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിക്കെതിരേ അന്ന് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല.
ഫേസ്ബുക്കിലൂടെ നിരന്തം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു പാര്‍ലമെന്റ് നേതാവും നവോത്ഥാന വനിതാ മതില്‍ സംഘാടന സമിതി ജോയിന്റ് കണ്‍വീനറുമായിരുന്ന സി.പി സുഗതനും സമാനമായ പോസ്റ്റുകളിലൂടെ നിരവധി തവണ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ന്യൂസിലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."