വടക്കാഞ്ചേരി ബസ് സ്റ്റാന്റ്: ബസുകള്‍ കയറ്റാതെ സമരത്തിനൊരുങ്ങി ഉടമകള്‍
വടക്കാഞ്ചേരി : തോരാമഴയില്‍ ചെളിക്കുണ്ടായി വെള്ളക്കെട്ടിന്റെ പിടിയില്‍ ഓട്ടുപാറ ബസ് സ്റ്റാന്റ്. ഭീമന് കുഴികളില്‍ മുട്ടോളം വെള്ളം നിറഞ്ഞതോടെ ബസ് സ്റ്റാന്റിനുള്വശം യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്.
സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് യാത്രക്കാരാണ് പ്രതിദിനം ഈ ബസ് സ്റ്റാന്റിലെത്തുന്നത് . മെറ്റിലുകള്‍ അടര്‍ന്ന് പൊന്തി അപകടകരമായ സ്ഥിതിയിലാണ്. യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്ക്കാന് സുരക്ഷിതമായ സ്ഥലങ്ങളില്ല എന്നതുകൊണ്ട് തന്നെ ദുരിതവും ഇരട്ടിയാണ്.
കാത്തിരിപ്പ് സ്ഥലങ്ങളെല്ലാം ഏതാനും വ്യാപാരികള്‍ കൈയ്യടക്കിയിരിക്കുകയാണ്. ബസുകള്‍ സ്റ്റാന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ചെളിവെള്ളം യാത്രക്കാരുടെ വസ്ത്രങ്ങളിലേക്ക് തെറിക്കുന്നത് കൊണ്ടുള്ള പ്രതിഷേധവും ചില്ലറയല്ല. സര്‍വശുദ്ധി മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നഗരസഭയില്‍ മാലിന്യങ്ങളാല്‍ നിറഞ്ഞു കിടക്കുകയാണ് ബസ് സ്റ്റാന്റില്‍.
സ്റ്റാന്റിനുള്ളില്‍ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ച് നീക്കിയിട്ട് വര്‍ഷം രണ്ടായിട്ടും പുതിയ സ്റ്റേഷന് നിര്‍മിക്കുന്നതിനും നടപടിയുണ്ടായിട്ടില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രയാസങ്ങളും പറഞ്ഞറിയിക്കാനാകാത്തതാണ്. മറ്റൊരു സംഭവ വികാസത്തില്‍ ഈ ദുരിതാവസ്ഥക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ സ്റ്റാന്റില്‍ ബസുകള്‍ കയറ്റാതെ പ്രക്ഷോഭത്തിനൊരുങ്ങുകയാണു ബസുടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."