എല്‍.ഡി.എഫ് സായാഹ്ന ധര്‍ണ 24ന് സ്റ്റേഡിയം ഗ്രൗണ്ടില്‍
പാലക്കാട്: ത്രിപുരയില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ 24ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് ഗ്രൗണ്ടില്‍ സായാഹ്നധര്‍ണ നടത്തുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി അറിയിച്ചു.
പശ്ചിമബംഗാളില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതര പാര്‍ട്ടിക്കാരെ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിച്ചിരുന്നില്ല. അതുപോലെ ത്രിപുരയില്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രമുഖരുടെ നേതൃത്വത്തില്‍ ഭീകരമായ ആക്രമണങ്ങളാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നേരെ അഴിച്ചുവിടുന്നത്. ആദിവാസികളും സ്ത്രീകളും ആക്രമിക്കപ്പെടുകയും പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ പിടിച്ചെടുക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ക്രമസമാധാനച്ചുമതല നിര്‍വ്വഹിക്കേണ്ട പൊലിസ് അക്രമികള്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
ത്രിപുരയില്‍ ഇത്തരത്തില്‍ നടക്കുന്ന ജനാധിപത്യ കാശാപ്പിനെതിരെ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 24 ന് വൈകിട്ട് 4 മുതല്‍ ബഹുജനധര്‍ണ നടത്തുന്നത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഭീമഹര്‍ജിയുടെ ഭാഗമായുള്ള ഒപ്പ് ശേഖരണ പ്രവര്‍ത്തനവും തുടര്‍ പ്രക്ഷോഭങ്ങളും വരും ദിവസങ്ങളില്‍ നടത്താനും വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.
ഇന്നലെ നടന്ന എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷനായി. കണ്‍വീനര്‍ വി ചാമുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എന്‍ കൃഷ്ണദാസ്, വിജയന്‍ കുനിശ്ശേരി, റസ്സാക് മൗലവി, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, കെ ആര്‍ ഗോപിനാഥ്, എ ശിവപ്രകാശന്‍, നൈസ് മാത്യു, യു ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."