വെജിറ്റേറിയന്‍ ഹോട്ടലുകളിലെ വില വര്‍ധനവ്; ജയില്‍ ഭക്ഷണത്തിന് പ്രിയമേറുന്നു
തിരുവനന്തപുരം: നഗരത്തിലെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ഭക്ഷണത്തിന് തോന്നുംപടി വില ഈടാക്കുന്നതിനാല്‍ ജയില്‍ ഭക്ഷണത്തെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
ജയില്‍ ഭക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ ഇരട്ടിവില്‍പ്പനയാണ് ലഭിക്കുന്നത്. നഗരത്തിലെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ഭക്ഷണത്തിന് വന്‍ തുക ഈടാക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ന്യായവിലയ്ക്കു ലഭിക്കുന്ന ജയില്‍ ചപ്പാത്തിയും മറ്റു വിഭവങ്ങളും തേടി ഭക്ഷണപ്രിയര്‍ എത്തുന്നത്.
വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ രണ്ട് ചപ്പാത്തിക്കും വെജിറ്റബിള്‍ കറിക്കും 60 രൂപയാണ്. എന്നാല്‍ ജയില്‍ വിഭവങ്ങള്‍ക്ക് ഇതിന്റെ പകുതി പോലും വിലയില്ല. അഞ്ച് ചപ്പാത്തിക്കും ഒരു വെജിറ്റബിള്‍ കറിക്കും ആകെ ചിലവാകുന്നത് വെറും 20 രൂപ മാത്രമാണ്. മുന്‍പ് ജയില്‍ ഭക്ഷണത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നെങ്കിലും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ വില വര്‍ധിച്ചതോടെ ജയില്‍ ഭക്ഷണം കൂടുതല്‍ വിറ്റഴിയുന്നുണ്ടെന്ന് മ്യൂസിയത്തിനു മുന്നിലുള്ള ജയില്‍ ചപ്പാത്തി കൗണ്ടറിന്റെ ചുമതലയുള്ള വാര്‍ഡന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
വനിതാ ജയില്‍, മെഡിക്കല്‍ കോളജ്, കിഴക്കേകോട്ട, പൂജപ്പുര, മ്യൂസിയം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് ജയില്‍ ചപ്പാത്തിയും കറികളും വില്‍ക്കുന്നത്. വെജിറ്റേറയിന്‍ ഹോട്ടലുകള്‍ക്കു പുറമെ മറ്റു ഹോട്ടലുകളില്‍ ഒരു ചപ്പാത്തിയ്ക്ക് ഈടാക്കുന്നത് അഞ്ചു രൂപയാണ്. അതേസമയം, ഇവിടെ 10 ചപ്പാത്തിയ്ക്ക് 20 രൂപ മാത്രമേയുള്ളൂ. ചപ്പാത്തിക്കും വെജിറ്റബിള്‍ കറിക്കും പുറമെ അഞ്ച് ചപ്പാത്തി, ചിക്കന്‍കറി 30 രൂപയാണ്. മറ്റു കടകളില്‍ രണ്ട് ചപ്പാത്തിക്കും ചിക്കന്‍കറിക്കും 120 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ന്യായവിലയ്ക്കു ലഭിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല, ഗുണമേന്മയും സ്വാദിഷ്ടവുമായ വിഭവങ്ങളാണ് ലഭിക്കുന്നതെന്നതിനാലും ജയില്‍ ഭക്ഷണത്തിന് ആവശ്യക്കാര്‍ ഏറുകയാണ്.
തമിഴ്‌നാട് സ്വദേശികള്‍ നടത്തുന്ന വെജിറ്റേറിയന്‍ ഹോട്ടലുകളിലാണ് ഭക്ഷണത്തിനു തീവില. ഇഡ്‌ലിക്കും ഉഴുന്നുവടയ്ക്കുമൊക്കെ 15 രൂപയിലധികമാണ് ഈടാക്കുന്നത്. തമ്പാനൂരില്‍ തന്നെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പലതുണ്ട്. ഇവിടെയെല്ലാം തോന്നിയ വിലയാണ് ഈടാക്കുന്നതെന്നതാണ് വിചിത്രം. സാധനങ്ങളുടെ വില വര്‍ധിച്ചതാണ് ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. എന്നാല്‍ ദിവസേന ഭക്ഷണത്തിന്റെ വില വര്‍ധിപ്പിച്ചാണ് ഹോട്ടലുടമകള്‍ ജനങ്ങളുടെ കഴുത്തറുക്കുന്നത്. വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ നല്ല ഭക്ഷണം നല്‍കി ആശ്വാസം പകരുകയാണ് സംസ്ഥാനത്തെ ജയില്‍വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."