പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ പൊതുവിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പദ്ധതി
മാറഞ്ചേരി: പെരുമ്പടപ്പ് ബ്ലോക്കിനു കീഴിലുള്ള എല്ലാ പൊതു വിദ്യാലയങ്ങളിലേയും എല്‍.പി വിഭാഗം പ്ലാസ്റ്റിക്മുക്തമാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം സ്കൂളുകളില്‍ 13 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റീല്‍ തെര്‍മല്‍ ഫ്ളാസ്കും സ്റ്റീല്‍ ടിഫിന്‍ ബോക്സും സ്ഥാപിക്കും. പദ്ധതിക്ക് ഈ മാസം 21ന് തുടക്കമാകും.
'അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം' എന്ന പേരിലാണ് സംസ്ഥാനത്തിനു തന്നെ മാതൃകയായ പദ്ധതി. പത്ത് കിലോമീറ്റര്‍ കടലോര പ്രദേശമുള്ള ബ്ലോക്ക് പഞ്ചായത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചെലവഴിച്ച് സൈക്കിള്‍ വിതരണം, തീരദേശ മേഖലയിലെ പൊതു വിദ്യാലയമായ വെളിയംകോട് ഗവ. ഫിഷറീസ് എല്‍.പി സ്കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് ലക്ഷം രൂപയുടെ പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന ഈ വികസന പദ്ധതിയുടെ ഉദ്ഘാടനം 21 ന് രാവിലെ പത്തിന് വെളിയംകോട് ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍വച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."