വോട്ടെടുപ്പിന് ശേഷം വിദേശ യാത്രക്കൊരുങ്ങി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും
തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിനു മുന്‍പുള്ള ഇടവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥ സംഘവും വിദേശത്തേയ്ക്ക് പറക്കും. മെയ് എട്ടു മുതല്‍ 17 വരെ പത്തു ദിവസത്തെക്കാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര.
പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട മാതൃകകള്‍ പരിചയപ്പെടുന്നതിനായാണ് യാത്ര. നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടാതെ ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിങ്ങും ഇതോടൊപ്പം നടക്കും. ഇതില്‍ മന്ത്രി തോമസ് ഐസകും പങ്കെടുക്കും.
മെയ് ഒന്‍പതു മുതല്‍ 11 വരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എന്നിവര്‍ നെതര്‍ലന്‍ഡ്‌സിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. യു.എന്‍.ഇ.പി.യുടെ റൂം ഫോര്‍ റിവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്‌സിലെ നൂര്‍വുഡ് മേഖലയും സംഘം സന്ദര്‍ശിക്കും. നവീകരണം, ആധുനിക കൃഷി രീതികള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. 13 മുതല്‍ 15 വരെ ജനീവയില്‍ യു.എന്‍ വേള്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ഇക്കോ ടൂറിസം പദ്ധതികള്‍ സന്ദര്‍ശിക്കും.
റവന്യൂ സെക്രട്ടറി ഡോ. വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവരും ജനീവയില്‍ സംഘത്തിനൊപ്പം ചേരും. 16ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരിസിലെത്തി വിവിധ മലയാളി സംഘടനകളുമായി ആശയവിനിമയം നടത്തും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും സന്ദര്‍ശിക്കും. 18ന് മുഖ്യമന്ത്രിയും സംഘവും തിരികെയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."