പൊന്നാനിയിലെ മത്സ്യ സംസ്കരണ യൂനിറ്റുകള്‍ കൈമാറ്റത്തിനൊരുങ്ങി
പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ നീണ്ട കാലത്തെ ആവശ്യത്തിന് അറുതിയാകുന്നു. പൊന്നാനിയിലെ മത്സ്യ സംസ്കരണ യൂനിറ്റുകള്‍ കൈമാറ്റത്തിനൊരുങ്ങി.
കടലില്‍നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ കരയിലെത്തിച്ച് സംസ്കരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി ആധുനിക രീതിയില്‍ നിര്‍മിച്ച സംസ്കരണ യൂനിറ്റുകളാണ് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. 78 ഷെഡുകളാണ് പൊന്നാനി ഫിഷിങ് ഹാര്‍ബര്‍ പരിസരത്തായി നിര്‍മിച്ചിട്ടുള്ളത്.
പുതിയ ഷെഡുകള്‍ കൈമാറ്റം ചെയ്യുന്നതോടെ നിലവിലെ ഓലഷെഡുകളില്നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മോചനമാകും. മൂന്നരക്കോടിയോളം രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് കീഴില്‍ അന്‍സാം ഇന്ത്യാ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡാണ് ഷെഡുകള്‍ നിര്‍മിച്ചത്. അറുപത് ഷെഡുകള്‍ ഒരിടത്തും പതിനെട്ട് ഷെഡുകള്‍ മറ്റൊരിടത്തുമായാണ് നിര്‍മിച്ചിട്ടുള്ളത്. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യവും ഷെഡിലുണ്ടാക്കും.
മത്സ്യ സംസ്കരണ യൂനിറ്റുകളുടെ കൈമാറ്റം 21ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ചടങ്ങില്‍ നാലു കോടി രൂപ ചെലവില്‍ പ്രവൃത്തി ആരംഭിക്കുന്ന വാര്‍ഫിന്റെ നിര്‍മാണോദ്ഘാടനവും നടക്കും.നിലവിലെ ഫിഷിങ് ഹാര്‍ബറിന് പടിഞ്ഞാര്‍ ഭാഗത്തായി നൂറു മീറ്റര്‍ നീളത്തിലാണ് പുതിയ വാര്‍ഫ് നിര്‍മിക്കുന്നത്.
ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല പി.എം.ആര്. കണ്‍സ്ട്രക്ഷന്‍സിനാണ്. പുതിയ വാര്‍ഫ് വരുന്നതോടെ കൂടുതല്‍ ബോട്ടുകള്‍ക്ക് ഹാര്‍ബറില്‍ അടുപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."