പ്ലസ് വണ്‍ മുതല്‍ പി.എച്ച്ഡി വരെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഒറ്റത്തവണ രജിസ്‌ട്രേഷന്‍
നിലമ്പൂര്‍: സംസ്ഥാനത്തെ പ്ലസ് വണ്‍ മുതല്‍ പി.എച്ച്ഡി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സ്‌റ്റൈപ്പന്റ്, ഫീസ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വരുന്നു. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാക്കി.
സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പും സി.ഡിറ്റും ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് നിലവില്‍ ഫീസാനുകൂല്യം നല്‍കിയിരുന്ന ഇ-ഗ്രാന്റ് പദ്ധതി പരിഷ്‌കരിച്ചാണ് ഇ-ഗ്രാന്റ്‌സ് 3.0 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സി.ഡിറ്റ് തയാറാക്കിയത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
ആധാര്‍ മുഖേനയാണ് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തുക. ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥി ഒറ്റതവണ രജിസ്റ്റര്‍ ചെയ്താല്‍ തുടര്‍ പഠനങ്ങളിലുള്‍പ്പെടെ ഫീസാനുകൂല്യം ലഭിക്കുന്നതാണ് പദ്ധതി. കേരളത്തിലെ മുഴുവന്‍ യൂനിവേഴ്‌സിറ്റികളും കോളജുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഈ അധ്യയന വര്‍ഷം മുതല്‍ ഇ-ഗ്രാന്റ്‌സ് പുതിയ വേര്‍ഷന്‍ മുഖേന ആനുകൂല്യം നല്‍കുക.
നിലവില്‍ പ്ലസ് വണ്ണിനു ചേര്‍ന്ന വിദ്യാര്‍ഥി അക്ഷയ മുഖേന ഇ-ഗ്രാന്റ് വഴി വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും മറ്റ് ഉപരി പഠനങ്ങള്‍ക്കും ചേരുമ്പോഴും ഓരോ തവണയും ഇ-ഗ്രാന്റ് മുഖേന ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ചേയ്യേണ്ടിവന്നിരുന്നു. പുതിയ പദ്ധതിയില്‍ ഏതെങ്കിലും ഒരു കോഴ്‌സില്‍ ഒറ്റതവണ രജിസ്റ്റര്‍ ചെയ്താല്‍ ഉപരിപഠനം അവസാനിക്കുന്നതു വരെ വിദ്യാഭ്യാസാനുകൂല്യം ലഭിച്ചുകൊണ്ടിരിക്കും. അക്ഷയ വഴിയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിരിക്കുന്നത്.
അതേസമയം ജൂണ്‍ മുതല്‍ എസ്.സി- എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കേണ്ടതുണ്ടെന്നതിനാല്‍ ഒരു സ്ഥാപനവും ഇതുവരെ ഓണ്‍ലൈന്‍ ചെയ്തിട്ടില്ല. പഴയ വേര്‍ഷന്‍ ഉപയോഗിക്കരുതെന്ന് വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയതും പുതിയ വേര്‍ഷനില്‍ വേണ്ടത്ര പരിശീലനം നല്‍കാത്തതുമാണ് തടസപ്പെടാന്‍ കാരണം.
പുതിയ പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ബന്ധപ്പെട്ട കോളജ്, ഹയര്‍ സെക്കന്‍ഡറി ഉദ്യോഗസ്ഥര്‍ക്ക് ജൂലൈ ആദ്യവാരത്തിലാണ് പ്രാഥമിക പരിശീലനം നല്‍കിയത്. സോഫ്റ്റ് വെയറിലെ പരിഷ്‌കാരങ്ങളെ കുറിച്ച് കൂടുതല്‍ ജീവനക്കാരും അജ്ഞരുമാണ്. വെബ്‌സൈറ്റ് പുതിയ രീതിയിലായതിനാല്‍ പലസ്ഥാപനങ്ങളും കോഴ്‌സ്, ഫീസ് വിവരങ്ങളും മറ്റും ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. പദ്ധതിയെ കുറിച്ച് വ്യക്തമായ ധാരണ ലഭ്യമല്ലാത്തതുമൂലമാണ് ഇ-ഗ്രാന്റസ് ആരംഭിക്കാന്‍ തടസമെന്ന് വിവിധ സ്ഥാപന മേധാവികള്‍ പറയുന്നു.
2009ലാണ് സംസ്ഥാനത്തൊട്ടാകെ ഇ-ഗ്രാന്റ്‌സ് പദ്ധതി പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് നടപ്പാക്കിയത്. 9 വര്‍ഷത്തിനു ശേഷമാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.
ഫയലുകള്‍ നീങ്ങാനുള്ള കാല താമസം ഒഴിവാക്കല്‍, സ്‌കോളര്‍ഷിപ്പ് പണം ദുരുപയോഗം തടയല്‍, ഉത്തരവ് ലഭിക്കാനുള്ള തടസം തുടങ്ങിയവ ഒഴിവാക്കാനും, സ്റ്റൈപ്പന്റ് തുക മാസംതോറും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് കൈപ്പറ്റാനും ലക്ഷ്യമിട്ടാണ് ഇ-ഗ്രാന്റ്‌സ് നടപ്പാക്കിയത്. അപേക്ഷ ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച് 10 ദിവസത്തിനകം പണം ലഭ്യമാകുമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."