ശ്രീധരന്‍ പിള്ളക്കെതിരേ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരേ നടപടിക്ക് ശുപാര്‍ശ.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് വി. ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു.
ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്ന ഹരജി പരിഗണിക്കവെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ശ്രീധരന്‍പിള്ളക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്.
ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുസ്‌ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് പി.എസ് ശ്രീധരന്‍പിള്ളക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഏപ്രില്‍ 13ന് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ വി. ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് പൊലിസിനോട് വിശദീകരണം തേടിയത്.
'ഇസ്‌ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ, വസ്ത്രം മാറ്റി നോക്കണ്ടേ' എന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരേ പൊലിസ് മതിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സൗഹാര്‍ദ്ദം തകരുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകനായ വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പ്രസംഗം ഉണ്ടായതെന്നത് ഗൗരവമുള്ള വിഷയമാണെന്നും അതിനാല്‍ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്നും അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."