രാജമലയില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം, കരിപ്പൂരില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം: അതെന്താ അങ്ങനെ?- മുഖ്യമന്ത്രി മറുപടി പറയുന്നു
തിരുവനന്തപുരം: വെള്ളിയാഴ്ചയുണ്ടായ രാജമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിലും വേര്‍തിരിവുണ്ടെന്ന ആരോപണത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തെറ്റായ ധാരണയുടെ പുറത്താണ് ചിലര്‍ അങ്ങനെ പറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യഘട്ടത്തിലുള്ള ധനസഹായമാണ്. അതോടെ എല്ലാം തീരുകയല്ല. അവിടെ രക്ഷാപ്രവര്‍ത്തനം തന്നെ പൂര്‍ത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷം മാത്രമേ കണക്കാക്കാനാവുകയുള്ളൂ. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് അവിടെയുള്ളത്. അവരുടെ ജീവനോപാദി നഷ്ടപ്പെട്ടിട്ടുണ്ട്, വാസസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മാത്രമേ അത്തരത്തിലുള്ള നടപടികളിലേക്ക് നീങ്ങാനാവൂ. അവരെ സംരക്ഷിക്കുകയും ചെയ്യും. അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. ഇപ്പോഴത്തേത് ആദ്യഘട്ടത്തിലുള്ള പ്രഖ്യാപനമാണ്.
രാജമലയില്‍ പോയില്ല, കോഴിക്കോട് എന്തിന് ധൃതിപ്പെട്ടു പോയി എന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്. ഇതില്‍ രണ്ടു കാര്യമാണ് നോക്കേണ്ടത്. രക്ഷാപ്രവര്‍ത്തനം അതീവഗൗരവമായി നടത്താനാണ് ആദ്യഘട്ടത്തില്‍ നോക്കേണ്ടത്. ആ പ്രവര്‍ത്തനം രാജമലയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ എത്തിച്ചേരാനാവാത്ത സാഹചര്യമുണ്ടായിരുന്നു. മന്ത്രി ചന്ദ്രശേഖരനും മന്ത്രി എം.എം മണിയും അവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഹെലികോപ്റ്ററില്‍ ഇന്നലെ തന്നെ എത്തിക്കാന്‍ ആലോചിച്ചിരുന്നു. കാലാവസ്ഥ മോശമാണ്, ഇപ്പോള്‍ അങ്ങോട്ട് പോകാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയതിനാലാണ് ഇവര്‍ കാര്‍ മാര്‍ഗം പോയത്.
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. അതിവിദഗ്ധമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. അതിന്റെ വേഗതയെ എല്ലാവരും പ്രത്യേകമായി പ്രശംസിക്കുകയാണ്. അതിനുശേഷം അവിടെ കഴിയുന്നവര്‍ക്ക് എന്തൊക്കെ ചെയ്യാനാവും. അപകടത്തിന്റെ ഭീകരത, അവിടെ കാണുമ്പോഴാണ് വ്യക്തമാവുന്നത്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതിനു ശേഷം അവിടെ എന്താണ് ചെയ്യാനാവുകയെന്നു നോക്കാനാണ് പോയതെന്നും വേര്‍തിരിവ് കാണേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."