കോഡൂര്‍ പഞ്ചായത്ത് പ്രമേയം: 'നിലം നികത്തി നിര്‍മിച്ച വീടുകള്‍ക്കും കെട്ടിട നമ്പര്‍ അനുവദിക്കണം'
കോഡൂര്‍: മറ്റു ഭൂമിയില്ലാത്തതിനാല്‍ പത്ത് സെന്റോ അതില്‍ താഴെയോ നിലം നികത്തി വീടുവച്ച് താമസിക്കുന്നവര്‍ക്കും കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് അനുമതിയുണ്ടാസണമെന്ന് കോഡൂര്‍ പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേന സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈ 31വരെ നിയമം ലംഘിച്ച് നിര്‍മിച്ച എല്ലാകെട്ടിടങ്ങളും പിഴ ഈടാക്കി നിയമവിധേയമാക്കുന്നതിന് പഞ്ചായത്തിരാജ് നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.എന്നാല്‍ നിലം നികത്തി നിര്‍മിച്ച വീടുകള്‍ ഇതിലുള്‍പ്പെടുന്നില്ല. 2008 വരെ നികത്തിയ എല്ലാവയലുകളും പിഴയോടുകൂടി കൃമവല്‍ക്കരിക്കുന്നതിനും സംസ്ഥാനത്ത് നിയമമുണ്ട്.
2008ന് ശേഷവും മറ്റു ഭൂമി ഇല്ലാത്ത ഒട്ടേറെ കുടുംബങ്ങള്‍ പത്ത് സെന്റോ അതില്‍ താഴെയോ ഭൂമി നികത്തി വീടുവച്ച് താമസിച്ച് വരുന്നുണ്ട്. ഈകുടുംബങ്ങള്‍ രണ്ട് നിയമത്തിലും ഉള്‍പ്പെടുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് ഭൂമി തരംമാറ്റുന്നതിന് ഇവര്‍ സര്‍ക്കാരിലേക്ക് പിഴ അടച്ച് എല്ലാരേഖകളോടും കൂടി അപേക്ഷയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമി തരംമാറ്റി നല്‍കിയിട്ടില്ല. വീടിന് കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍, റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഈ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് ഒറ്റത്തറ പതിനാലാം വാര്‍ഡംഗം മച്ചിങ്ങല്‍ മുഹമ്മദ് പറഞ്ഞു,
2017 ജൂലൈ 31ന് മുന്‍പ് വയല്‍ നികത്തി വീടുവച്ച് താമസം തുടങ്ങിയവരുടെ വീടും ചുറ്റളവില്‍ പരിധി നിശ്ചയിക്കാതെ പിഴ ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ പുതിയ നിയമത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമാദേവി പ്രമേയത്തെ പിന്തുണച്ചു. പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ സജ്‌നമോള്‍ ആമിയന്‍, അംഗങ്ങളായ പരി ശിവശങ്കരന്‍, മുഹമ്മദാലി കടമ്പോട്ട്, അബ്ദുന്നാസര്‍ കുന്നത്ത്, കെ. ഹാരിഫ റഹ്മാന്‍, അഫ്‌സത്ത് ചോലശ്ശേരി, പി.കെ ശരീഫ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."