ആദായനികുതി വകുപ്പ് രാഷ്ട്രീയ ആയുധമോ
മൂന്നാംഘട്ട തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുടെ ചൂട് മൂര്‍ധന്യത്തിലെത്തി നില്‍ക്കെ, ആദായനികുതി വകുപ്പ് പ്രതിപക്ഷ നേതാക്കളുടെ വീടുകളും ഓഫിസുകളും ധൃതിയില്‍ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷപാതിത്വപരമായാണ് ഈ റെയ്ഡുകളെന്നു നേരത്തെതന്നെ പരാതിയുണ്ട്. ഇപ്പോഴത് ഉഗ്രരൂപം പൂണ്ടിരിക്കുകയാണ്.
എന്‍.ഡി.എ ഘടകകക്ഷി നേതാക്കളുടെ വീടുകളും ഓഫിസുകളും ഒഴിവാക്കിയുള്ള റെയ്ഡുകള്‍ വ്യാപകമായപ്പോള്‍ ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനു നിരവധി പരാതികളാണു ലഭിച്ചത്. ആദ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ ഈ പരാതികള്‍ ഗൗരവത്തിലെടുത്തില്ല. പ്രതിപക്ഷം സ്വരം കടുപ്പിച്ചപ്പോഴാണു കമ്മിഷന്‍ ആദായനികുതി വകുപ്പിനോടു വിശദീകരണം ആവശ്യപ്പെട്ടത്.
റെയ്ഡ് നടത്തുന്നതില്‍ തെറ്റില്ലെന്നും അതു നിഷ്പക്ഷത പാലിച്ചുകൊണ്ടും വേര്‍തിരിവില്ലാതെയായിരിക്കണമെന്നും കത്തിലൂടെ കമ്മിഷന്‍ ഓര്‍മിപ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ചെയര്‍മാനെയും റവന്യൂ സെക്രട്ടറിയെയും കമ്മിഷന്‍ വിളിച്ചുവെങ്കിലും അവര്‍ പരിഹാസദ്യോതകമായ മറുപടിയാണു നല്‍കിയത്.
ആദായനികുതി വകുപ്പു നല്‍കിയ മറുപടി വിചിത്രവും കമ്മിഷനെ ഇകഴ്ത്തുന്നതുമാണ്. നിഷ്പക്ഷതയെക്കുറിച്ചും വേര്‍തിരിവിനെക്കുറിച്ചും തങ്ങള്‍ക്കു നല്ല ബോധ്യമുണ്ടെന്നും അതനുസരിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള മറുപടി തെരഞ്ഞെടുപ്പു കമ്മിഷനെ ചെറുതാക്കിക്കാണിക്കാനായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ ആദായനികുതി വകുപ്പിനാവുകയില്ല. അല്ലായിരുന്നുവെങ്കില്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തിന്റെ മഷിയുണങ്ങും മുമ്പ് ഡി.എം.കെ നേതാവും മുന്‍ എം.പിയും മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ റെയ്ഡിനെത്തില്ലായിരുന്നു. റെയ്ഡില്‍ ആദായനികുതി വകുപ്പിന് ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നതു വേറേ കാര്യം. നരേന്ദ്രമോദിയുടെ നിര്‍ദേശാനുസരണമാണ് ആദായനികുതി വകുപ്പ് കനിമൊഴിയുടെ വീട് റെയ്ഡ് ചെയ്തതെന്ന് കനിമൊഴിയുടെ സഹോദരനും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ പ്രസ്താവനയിറക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിനു കനത്ത വെല്ലുവിളിയാണ് ഡി.എം.കെ, കോണ്‍ഗ്രസ് മുന്നണി. തമിഴ്‌നാട് ഈ സംഖ്യം തൂത്തുവാരുമെന്ന കാര്യം ഉറപ്പാണ്. രാജ്യത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ബി.ജെ.പി ആകെ ആശങ്കയിലാണ്. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തെ കെണിയിലാക്കാന്‍ ആദായനികുതി വകുപ്പിനെ രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കൈയിലെ കോടാലിയായി ആദായനികുതി വകുപ്പു പരിണമിച്ചിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് തകര്‍ക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നതും മുമ്പൊരിക്കലും ഇന്ത്യയില്‍ സംഭവിക്കാത്തതാണ്. അധികാരം നിലനിര്‍ത്താന്‍ എന്തു നെറികേടിനും ബി.ജെ.പി തയ്യാറാകുമെന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത്.
ഭരണഘടനയോടും ജനതയോടും പ്രതിബദ്ധതയില്ലാത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ബി.ജെ.പി സര്‍ക്കാരിന്റെ തിട്ടൂരത്തിനനുസരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കു സ്വയം അഴിമതി നടത്താനുള്ള അവസരവും കൂടിയാണുണ്ടാകുന്നത്. റെയ്ഡുകളുടെ പേരില്‍ പലരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാനുള്ള വഴിയായും റെയ്ഡുകളെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതിനുള്ള സൗകര്യവും കൂടിയാണു ബി.ജെ.പി സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്നത്.
റാഫേല്‍ അഴിമതി പോലുള്ള വമ്പന്‍ അഴിമതികളില്‍ മൂക്കറ്റം മുങ്ങിക്കിടക്കുന്ന ബി.ജെ.പി സര്‍ക്കാരിനു റെയ്ഡുകളുടെ പേരില്‍ ആദായനികുതി വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത റെയ്ഡുകള്‍ക്കു നേരേ കണ്ണടയ്ക്കാന്‍ ഒരു പ്രയാസവുമുണ്ടാവുകയില്ല. കര്‍ണാടകയില്‍ ജനതാദള്‍ സെക്യുലര്‍, കോണ്‍ഗ്രസ് മന്ത്രിമാരുടെ വീടുകളും ഓഫിസുകളും റെയ്ഡ് ചെയ്തപ്പോള്‍ കേന്ദ്ര ബി.ജെ.പി നേതാക്കള്‍ക്ക് കോഴ നല്‍കിയതിന്റെ കണക്കു ഡയറിയില്‍ കുറിച്ചിട്ട യെദ്യൂരപ്പയുടെ അടുത്തേയ്ക്ക് ആദായനികുതി വകുപ്പ് തിരിഞ്ഞില്ല.
ഡയറി ആധികാരികമല്ലെന്നാണ് യെദ്യൂരപ്പയുടെ വാദം. ഒറിജിനല്‍ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടും ആദായനികുതി വകുപ്പ് അറിഞ്ഞില്ല. കഴിഞ്ഞ ദിവസം കനിമൊഴിയുടെ വീട് റെയ്ഡ് ചെയ്ത ആദായനികുതി വകുപ്പ് ഭരണം കൈയാളുന്ന അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ ഓഫിസുകളും വീടുകളും റെയ്ഡില്‍നിന്ന് ഒഴിവാക്കി. രണ്ടാംഘട്ട വോട്ടെടുപ്പിലും മൂന്നാംഘട്ട വോട്ടെടുപ്പിലും മേല്‍ക്കൈ നേടുവാന്‍ ബി.ജെ.പി പ്രതിപക്ഷ കക്ഷിനേതാക്കളുടെ ആത്മവീര്യം ചോര്‍ത്തുന്ന അതിനീചമായ പ്രവര്‍ത്തനങ്ങളിലേക്കാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സര്‍വേകള്‍ പ്രവചിച്ചതു യാഥാര്‍ഥ്യമാകുന്നതിലുള്ള അങ്കലാപ്പുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ക്കെതിരേ റെയ്ഡ് ആയുധവുമായി രംഗത്ത് ചാടിവീണിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."