കളിയാംവെള്ളി കനാല്‍ തീരത്ത് മാലിന്യക്കൂമ്പാരം
എടച്ചേരി: കളിയാംവെള്ളി കനാല്‍ തീരത്ത് മാസങ്ങളോളമായി കൂമ്പാരമായിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടിയായില്ല.
വടകര-മാഹി കനാലിന്റെ ഭാഗമായ കളിയാംവെള്ളി കനാലിലെ വേങ്ങോളി പാലത്തിനു സമീപത്താണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ ഇവ മുഴുവന്‍ കനാലിലേക്കാണൊഴുകുക.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴില്‍ ഈ കനാല്‍ വീതികൂട്ടി വികസിപ്പിക്കുന്ന പ്രവൃത്തി പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ കളിയാംവെള്ളി മുതല്‍ തുരുത്തിമുക്ക് വരെയുള്ള ഭാഗത്ത് നാലു കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ വികസന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ഇവിടുത്തെ ശുദ്ധജലമാണ് നാട്ടുകാര്‍ മാലിന്യം നിക്ഷേപിക്കുന്നതുമൂലം മലിനമാകാന്‍ പോകുന്നത്.
കനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പുവരെ ഈ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. മേഖലയിലെ പ്രധാന ടൗണുകളിലും പുറത്തും കച്ചവടം നടത്തുന്ന ഇറച്ചി കച്ചവടക്കാര്‍ മാലിന്യങ്ങള്‍ തള്ളിയിരുന്നത് ഈ പുഴയിലായിരുന്നു. പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും ശക്തമായ ഇടപെടലിലൂടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. ഈ ഭാഗത്തെ കനാല്‍ പ്രവൃത്തി ഭാഗികമായി പൂര്‍ത്തിയായ മുറയ്ക്ക് ഇവിടെ മാലിന്യ നിക്ഷേപം പരിപൂര്‍ണമായും ഒഴിവായി.
അതിനിടെയാണ് വീണ്ടും കനാല്‍ തീരത്ത് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. ഇതിനെതിരേ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."